ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം പരിഹരിക്കാൻ വീണ്ടും സർക്കാർ ശ്രമം; ഇരു സഭകളെയും ചർച്ചക്ക് വിളിച്ചു

ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം പരിഹരിക്കാൻ വീണ്ടും സർക്കാർ ശ്രമം. ഇരു സഭകളെയും സർക്കാർ ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് ചർച്ച. അതേസമയം ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ.
സഭാതർക്കം പരിഹരിക്കാനായി സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപ സമിതിയാണ് ഓർത്തഡോക്‌സ്‌യാക്കോബായ വിഭാഗങ്ങളുമായി മധ്യസ്ഥ ചർച്ച നടത്തുന്നത്. മന്ത്രി ഇ പി ജയരാജനാണ് മന്ത്രിസഭാ ഉപസമിതിയുടെ തലവൻ. സഭാ തർക്കവിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ഒരു ഒത്തുതീർപ്പിന് മുൻകൈ എടുക്കുന്നത്. ഇതു മൂന്നാം തവണയാണ് സർക്കാർ ഇരു വിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിക്കുന്നത്. ഓർത്തഡോക്‌സ് സഭ കഴിഞ്ഞ തവണ വിട്ടുനിന്നിരുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് തർക്കം രൂക്ഷമാകാൻ കാരണം.
കോടതിവിധി തങ്ങൾക്ക് അനുകൂലമായതിനാൽ ഉപസമിതിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അതിനാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്നുമുള്ള നിലപാടിലാണ് ഓർത്തഡോക്‌സ് സഭാ നേതൃത്വം. പ്രത്യേകിച്ചും സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി ചർച്ചയ്ക്കില്ല. കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി.
അതേസമയം ചർച്ച നടത്താനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സഭ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here