ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്; ന്യൂസിലൻഡുമായുള്ള ഫൈനൽ ഞായറാഴ്ച ലോർഡ്സിൽ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 107 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 85 റൺസെടുത്ത ജേസൻ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.

ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ എല്ലാവരും ബുദ്ധിമുട്ടിയ പിച്ചിൽ ഇംഗ്ലീഷ് ഓപ്പണർമാർ അനായാസം ബാറ്റ് വീശി. സ്റ്റാർക്കിനെയും കമ്മിൻസിനെയും ബഹ്രണ്ടോർഫിനെയുമൊക്കെ അനായാസം നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. 34 റൺസെടുത്ത ജോണി ബാരിസ്റ്റോയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മിച്ചൽ സ്റ്റാർക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18ആം ഓവറിൽ ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഏറെ വൈകാതെ തന്നെ ജേസൻ റോയിയും പവലിയനിൽ മടങ്ങിയെത്തി. 65 പന്തുകളിൽ 85 റൺസെടുത്ത റോയിയെ കമ്മിൻസിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി.

മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ജോ റൂട്ട്-ഓയിൻ മോർഗൻ സഖ്യത്തിന് യാത്ര എളുപ്പമായിരുന്നു. അനായാസ ലക്ഷ്യത്തിനു മുന്നിൽ മെല്ലെപ്പോക്ക് സ്വീകരിക്കാതെ ആക്രമിച്ചു കളിച്ച ഇരുവരും വളരെ വേഗം വിജയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 32ആം ഓവറിലെ ആദ്യ പന്തിൽ ബെഹ്രണ്ടോർഫിനെ ബൗണ്ടറിയടിച്ച മോർഗൻ ഇംഗ്ലണ്ടിന് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. മോർഗൻ 45 റൺസും റൂട്ട് 49 റൺസുമടിച്ച് പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 79 റൺസാണ് കൂട്ടിച്ചെർത്തത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top