ഇനി കപ്പിന് പുതിയ അവകാശികൾ; ആരു ജയിച്ചാലും പുതു ചരിത്രം

ലോകകപ്പ് ഫൈനലിൽ ആരു ജയിച്ചാലും അത് ചരിത്രമാകും. ഇതുവരെ ലോകകപ്പ് വിജയിക്കാൻ സാധിക്കാതിരുന്ന രണ്ട് ടീമുകളാണ് ഞായറാഴ്ച ലോർഡിൽ കലാശപ്പോരിനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഈ ഫൈനൽ പുതു ചാമ്പ്യന്മാരെയാണ് സമ്മാനിക്കുക.
ക്രിക്കറ്റ് കണ്ടുപിടിച്ചത് തങ്ങളാണെങ്കിലും ഇതുവരെ കിരീടത്തിൽ മുത്തമിടാൻ അവർക്കായില്ല. 1979, 1987, 1992 വർഷങ്ങളിൽ ഫൈനലിൽ പ്രവേശിച്ചതാണ് ഇംഗ്ലണ്ടിൻ്റെ ഇതുവരെയുള്ള നേട്ടങ്ങൾ. 79ൽ വിൻഡീസിനോട് 92 റൺസിനാണ് ഇംഗ്ലീഷ് പട പരാജയപ്പെട്ടത്. 87ൽ വെറും 7 റൺസിന് ഓസ്ട്രേലിയക്കു മുന്നിൽ അവർ അടിയറവ് പറഞ്ഞു. 92ലാവട്ടെ പാക്കിസ്ഥാൻ 22 റൺസിന് ഇംഗ്ലണ്ടിനെ തകർത്തു. ഇത്തവണ ലോകത്തിലെ ഒന്നാം നമ്പർ ടീമെന്ന ഖ്യാതിയുമായി ലോകകപ്പിൽ എത്തിയിട്ടും ടൂർണമെൻ്റിൻ്റെ സെമി കാണാതെ പുറത്തായേക്കാവുന്ന ഒരു ഘട്ടം വരെ ഇംഗ്ലണ്ടിന് അഭിമുഖീകരിക്കേണ്ടി വന്നു. ജേസൻ റോയിയുടെ തിരിച്ചു വരവാണ് ഇംഗ്ലണ്ടിനെ സെമിയിൽ കടത്തിയത്.
മറുവശത്ത് ന്യൂസിലൻഡ് ആറു തവണ സെമിഫൈനലിലും ഒരു വട്ടം ഫൈനലിലും തോറ്റ് മടങ്ങി. 1975, 1979, 1992, 1999, 2007, 2011 വർഷങ്ങളിൽ കിവീസ് സെമിയിൽ പുറത്താവുകയും കഴിഞ്ഞ വർഷം ആദ്യമായി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഫൈനലിൽ ഓസ്ട്രേലിയ ഏഴു വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്തെറിഞ്ഞു. സ്ഥിരമായി മികച്ച പ്രകടനങ്ങൾ നടത്തുന്ന കിവീസ് ടീം ഒരു ലോകകിരീടത്തിന് അർഹരായവരാണ്. കഴിഞ്ഞ വർഷം കൈവിട്ടു പോയ കിരീടം എങ്ങനെയും സ്വന്തമാക്കുക എന്നതാവും ന്യൂസിലൻഡിൻ്റെ ലക്ഷ്യം.
ബാറ്റിംഗ് തന്നെയാണ് ഇംഗ്ലണ്ടിൻ്റെ കരുത്ത്. ജേസൻ റോയ് ഓപ്പണിംഗിലേക്ക് തിരികെ വന്നത് അവർക്ക് വലിയ ഊർജമായിട്ടുണ്ടെന്നതിൽ സംശയമില്ല. ജോണി ബാരിസ്റ്റോയോടൊപ്പം ചേർന്ന് റോയ് നൽകുന്ന മികച്ച തുടക്കവും പിന്നീട് ജോ റൂട്ട്, ഓയിൻ മോർഗൻ, ജോസ് ബട്‌ലർ എന്നിങ്ങനെ ശക്തരായ താരങ്ങളുമടങ്ങുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് ലൈനപ്പ് വളരെ കരുത്തരാണ്. ഇവരെ പിടിച്ചു നിർത്താൻ ബോൾട്ടും ഹെൻറിയുമടങ്ങുന്ന കിവീസ് ബൗളുംഗ് നിരയ്ക്ക് പണിപ്പെടേണ്ടി വരും.
ന്യൂസിലൻഡ് നിരയിൽ കെയിൻ വില്ല്യംസണിൻ്റെ ബാറ്റിംഗ് മികവാണ് പോസിറ്റീവ് ഘടകം. ഗപ്റ്റിൽ ഉൾപെടെയുള്ള ഓപ്പണർമാരും മധ്യനിരയും ഇതുവരെ ഫോമിലെത്തിയിട്ടില്ല. ജോഫ്ര ആർച്ചറും ക്രിസ് വോക്സും ചേർന്ന ഇംഗ്ലണ്ടിൻ്റെ ലീതൽ പേസ് അറ്റാക്കിനെ അതിജീവിക്കാൻ ന്യൂസിലൻഡ് വിയർക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here