‘റായുഡു ടീമിൽ ഉണ്ടാവേണ്ടതായിരുന്നു’; സെലക്ടർമാരെയും ടീമിനെയും രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ

ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട് പുറത്തായ ഇന്ത്യക് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ധോണിയെ ബാറ്റിംഗ് ഓർഡറിൽ വൈകി ഇറക്കിയതിനെയും അമ്പാട്ടി റായുഡുവിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ പല മണ്ടത്തരങ്ങളും വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമ്പാട്ടി റായുഡു. അദ്ദേഹം ടീമിൽ ഉൾപ്പെടേണ്ടിയിരുന്നു.’- സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘മായങ്ക് അഗർവാളിനെ എന്തിന്, എങ്ങനെ കൊണ്ടു വന്നുവെന്നാണ് നിങ്ങൾ എന്നോട് വിശദീകരിക്കുന്നത്? അദ്ദേഹം ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. സ്ലോട്ട് ഓപ്പണായാൽ സെമിഫൈനലിലോ ഫൈനലിലോ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? എന്തു കൊണ്ട് റായുഡുവിനെ കൊണ്ടുവന്നില്ല? നിങ്ങളുടെ സ്റ്റാൻഡ് ബൈ താരങ്ങൾ ആരാണ്?”- രോഷത്തോടെ ഗവാസ്കർ ചോദിച്ചു.
റായുഡുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. തനിക്കു പകരം ടീമിലെത്തിയ വിജയ് ശങ്കർ പരിക്കേറ്റു പുറത്ത് പോയിട്ടും ടീമിൽ ഇടം ലഭിക്കാതിരുന്നതിനെത്തുടർന്ന് റായുഡു ക്രിക്കറ്റ് മതിയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here