ലോർഡ്സിൽ മുഴങ്ങി ബിഗ് ബെൻ; ഇംഗ്ലണ്ടിന് കിരീടധാരണം

ക്രിക്കറ്റിൻ്റെ മക്കയിൽ ഇംഗ്ലണ്ടിന് കന്നിക്കിരീടം. ലോർഡ്സ് ബാൽക്കണിയിൽ  ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ കപ്പുയർത്തിയത് ചരിത്രം രേഖപ്പെടുത്തി. ആദ്യമായാണ് ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുന്നത്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ന്യൂസിലൻഡ് 8 വിക്കറ്റ് നഷ്റ്റത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അത്ര തന്നെ റൺസിന് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓൾ ഔട്ടായി. 84 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിന് ലോകകിരീടം സമാനിച്ചത്. അർദ്ധസെഞ്ചുറിയടിച്ച ജോസ് ബട്‌ലറും ഇംഗ്ലണ്ട് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ഇരുവരും ചേർന്ന 110 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണ്ണായകമായത്. ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ടൈറ്റ് ലൈനുകളിലാണ് ബോൾട്ടും മാറ്റ് ഹെൻറിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരവേറ്റത്. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ തന്നെ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്ന് റിവ്യൂ ഉപയോഗിച്ച് രക്ഷപ്പെട്ട ജേസൻ റോയ് ഇന്നിംഗ്സിൻ്റെ പല ഭാഗത്തും ഭാഗ്യം കൊണ്ട് പല വട്ടം രക്ഷപ്പെട്ടു. എന്നാൽ ആറാം ഓവറിൽ ഈ ഭാഗ്യങ്ങൾ അവസാനിച്ചു. 17 റൺസെടുത്ത റോയിയെ മാറ്റ് ഹെൻറി ടോം ലതമിൻ്റെ കൈകളിലെത്തിച്ചു.

മറുവശത്ത് ജോണി ബാരിസ്റ്റോയ്ക്കും ഭാഗ്യത്തിൻ്റെ അകമ്പടി ലഭിച്ചു. രണ്ടിലധികം തവണ ഇൻസൈഡ് എഡ്ജ് സ്റ്റമ്പിനെ ഉരുമ്മി കടന്നു പോയപ്പോൾ ഒരു വട്ടം താരതമ്യേന അനായാസമായ ക്യാച്ച് കോളിൻ ഡി ഗ്രാൻഡ്‌ഹോം നിലത്തിട്ടു. രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ജോ റൂട്ട് 30 പന്തുകളിൽ വെറും 7 റൺസെടുത്ത് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. റൂട്ടിനെ ഗ്രാൻഡ്‌ഹോം ടോം ലതമിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഏറെ വൈകാതെ ബാരിസ്റ്റോയെയും ഭാഗ്യം കൈവിട്ടു. നീണ്ട ഭാഗ്യങ്ങൾക്കൊടുവിൽ നിർഭാഗ്യം കൊണ്ടാണ് ജോണി ബാരിസ്റ്റോ പുറത്തായതെന്നത് വിരോധാഭാസമായി. 36 റൺസെടുത്ത ബാരിസ്റ്റോ ലോക്കി ഫെർഗൂസൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ശേഷം ക്യാപ്റ്റൻ ഓയിൻ മോർഗനും ബെൻ സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, ടൂർണമെൻ്റിൽ ഇതു വരെ കണ്ടു വന്ന രീതി ഫൈനലിലും തുടർന്നതോടെ 9 റൺസ് മാത്രമെടുത്ത് മോർഗൻ പുറത്തായി. മത്സരത്തിൽ ജിമ്മി നീഷാം എറിഞ്ഞ ആദ്യ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച മോർഗനെ ലോക്കി ഫെർഗൂസൻ അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി. 24ആം ഓവറിലാണ് മോർഗൻ പുറത്തായത്.

തുടർന്നാണ് ബട്‌ലർ സ്റ്റോക്സിനൊപ്പം ചേർന്നത്. ബട്‌ലർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിച്ചപ്പോൾ സ്റ്റോക്സ് ബട്‌ലർക്ക് മികച്ച പിന്തുണ നൽകി. 53 പന്തുകളിൽ ബട്‌ലറും 80 പന്തുകളിൽ സ്റ്റോക്സും അർദ്ധസെഞ്ചുറി കുറിച്ചു. ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് നീങ്ങവേ ബട്‌ലറെ പുറത്താക്കിയ ലോക്കി ഫെർഗൂസൻ കിവീസിന് വീണ്ടും പ്രതീക്ഷ നൽകി. 59 റൺസെടുത്ത ബട്‌ലറെ ടിം സൗത്തി ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ സ്റ്റോക്സിനൊപ്പം 110 റൻസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ബട്‌ലർ മടങ്ങിയത്.

47ആം ഓവറിൽ ക്രിസ് വോക്സിനെയും പുറത്താക്കിയ ഫെർഗൂസൻ മത്സരം ആവേശകരമാക്കി. 2 റൺസ് മാത്രമെടുത്ത വോക്സ് പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ടോം ലതമിൻ്റെ കൈകളിൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ലിയാം പ്ലങ്കറ്റ് ചില മികച്ച ഷോട്ടുകളിലൂടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. എന്നാൽ 49ആം ഓവറിൽ പ്ലങ്കറ്റ് (10  പുറത്തായി. ജിമ്മി നീഷമിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ പ്ലങ്കറ്റിനെ ട്രെൻ്റ് ബോൾട്ട് കയ്യിലൊതുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ബെൻ സ്റ്റോക്സിനെ ബോൾട്ട് കൈപ്പിടിയിലൊതുക്കിയെങ്കിലും ബൗണ്ടറി റോപ്പിൽ കാൽ തട്ടിയത് ന്യൂസിലൻഡിൻ്റെ ലോകകപ്പാണ് നഷ്ടപ്പെടുത്തിയത്. ഓവറിലെ അവസാന പന്തിൽ ജോഫ്ര ആർച്ചറെ (0) നീഷം ബൗൾഡാക്കിയതോടെ ഇംഗ്ലണ്ടിന് അവസാന ഓവറിലെ ലക്ഷ്യം 15 റൺസിന്. ന്യൂസിലൻഡിനു വേണ്ടത് രണ്ടു വിക്കറ്റ്.

ആദ്യ രണ്ട് പന്തുകളിൽ ഡോട്ട്. മൂന്നാം പന്തിൽ ഡീപ് മിഡ്‌ മിക്കറ്റിലൂടെ ഒരു സിക്സ്. അടുത്ത പന്തിൽ ഡബിളോടിയ സ്റ്റോക്സിൻ്റെ ബാറ്റിൽ കൊണ്ട ഫീൽഡറുടെ ത്രോ ബൗണ്ടറി കടന്നതോടെ വീണ്ടും ആറ് റൺസ്. ജയിക്കാൻ രണ്ട് പന്തിൽ മൂന്ന്. അടുത്ത പന്തിൽ സ്റ്റോക്സിനു സ്ട്രൈക്ക് ലഭിക്കാനായി ആദിൽ റഷീദ് തൻ്റെ വിക്കറ്റ് റണ്ണൗട്ടിലൂടെ ബലികഴിച്ചു. അവസാന പന്തിൽ ജയിക്കാൻ രണ്ട്. ഒരു ലോ ഫുൾ ടോസ് സ്റ്റോക്സ് നിലം പറ്റെ മിഡ്‌വിക്കറ്റിലേക്ക് അടിച്ചു. രണ്ടാം റണ്ണിനോടിയ മാർക്ക് വുഡ് ഒരു റൺ പൂർത്തിയാക്കിയെങ്കിലും റണ്ണൗട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക്.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനു വേണ്ടി പാഡണിഞ്ഞത് ബട്‌ലറും സ്റ്റോക്സും. ന്യൂസിലൻഡിനായി പന്തെറിഞ്ഞത് ട്രെൻ്റ് ബോൾട്ട്. ആദ്യ പന്തിൽ സ്റ്റോക്സിൻ്റെ ഷോട്ടിൽ ഇൻസൈഡ് എഡ്ജായി പന്ത് ഉയർന്നെങ്കിലും ബാറ്റ്സ്മാന്മാർ മൂന്ന് റൺസ് ഓടിയെടുത്തു. അടുത്ത പന്തിൽ സിംഗിൾ. അടുത്ത പന്തിൽ ഡീപ് മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറിയടിച്ച സ്റ്റോക്സ്  ഇംഗ്ലണ്ടിന് മുൻതൂക്കം നൽകി. തൊട്ടടുത്ത പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ ഡബിൾ. അവസാന പന്തിൽ ബൗണ്ടറിയടിച്ച ബട്‌ലർ ന്യൂസിലൻഡിനു വെച്ചു നീട്ടിയ വിജയലക്ഷ്യം 16 റൺസ്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ പന്തെടുത്തപ്പോൾ കിവീസിനായി ഇറങ്ങിയത് മാർട്ടിൻ ഗപ്റ്റിലും ജിമ്മി നീഷവും. ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തിൽ ലോംഗ് ഓണിലേക്ക് പന്തടിച്ച നീഷം ഡബിൾ ഓടിയെടുത്തു. അടുത്ത പന്തിൽ ഡീപ് മിഡ്‌വിക്കറ്റിലൂടെ നീഷമിൻ്റെ ഒരു പടുകൂറ്റൻ സിക്സ്. വിജയലക്ഷ്യം 4 പന്തുകളിൽ 7. അടുത്ത പന്തിൽ ഡബിൾ. ഇനി മൂന്നു പന്തുകളിൽ അഞ്ച്. തൊട്ടടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ്. ലക്ഷ്യം രണ്ട് പന്തുകളിൽ മൂന്ന്. അടുത്ത പന്തിൽ ഒരു റൺസ്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. സമനിലയായാൽ കൂടുതൽ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ചാമ്പ്യന്മാർ. രണ്ടാം റണ്ണിനോടിയ ഗപ്റ്റിൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന് കന്നിക്കിരീടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top