ഇന്നത്തെ പ്രധാനവാർത്തകൾ (16/07/2019)

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി; ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി. പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാറിനെ സ്ഥലംമാറ്റി. തിരൂർ സബ് ജയിലിലേക്കാണ് സ്ഥലം മാറ്റിയത്. ജയിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ജയിൽ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു.
ഉത്തരക്കടലാസ് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ രണ്ടാം പ്രതി നസീം മർദിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ശരത്തിനെ തിരിച്ചെടുത്തു. മർദനമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പ് ഇട്ടുവെന്ന കാരണത്താൽ ശരത്തിനെ സസ്പെൻഡ് ചെയ്തിരുന്നു.
കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തുമെന്ന് വിസി; ഗവർണറെ രേഖാമൂലം അറിയിച്ചു
കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തുമെന്ന് വൈസ് ചാൻസലർ. ഇക്കാര്യം ഗവർണറെ രേഖാമൂലം അറിയിച്ചു. ശേഷിക്കുന്ന ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോളേജുകൾക്ക് നിർദേശം നൽകിയതായും വി സി ഗവർണറെ അറിയിച്ചു.
എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്ഐ സാബുവിന്റെ മൊഴി. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമാണ്. എസ്പിയുടെ നിർദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐയുടെ മൊഴിയിൽ പറയുന്നു.
മുബൈയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി
മുംബൈയിലെ ഡോങ്കിരിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തത് കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ്.
ജൂലൈ 18,19,20 തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ട്
ജൂലൈ 18,19,20 തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അലേർട്ട് പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here