പുറ്റിങ്ങൽ വെടിക്കെട്ടപകടം; ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് കമ്മീഷൻ വിമർശനം നേരിട്ടിരുന്നു.
പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് 103 സിറ്റിംഗുകളും 173 സാക്ഷി വിസ്താരവുമാണ് കമ്മീഷൻ നടത്തിയത്. 266 രേഖകളും അന്വേഷണ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. 4779 പേജ് വരുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു പി എസ് ഗോപിനാഥൻ കമ്മീഷൻ കടന്നു പോയത്. റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി അവസാനിച്ചശേഷം കമ്മീഷൻ സർക്കാരിനോട് സമയം നീട്ടി ചോദിച്ചിരുന്നു.
2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. സംഭവത്തിൽ 111 പേർ കൊല്ലപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here