വിദ്യാർത്ഥി അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പഴയ കെഎസ്‌യു നേതാവ് എ.കെ.ആന്റണിയുടെ നുണപ്രചരണങ്ങളിൽ എസ്എഫ്ഐക്ക് ഒന്നും സംഭവിക്കില്ല : ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐയുടെ പേരിൽ ഏതാനും ഒറ്റുകാർ കാട്ടിക്കൂട്ടിയതിനെയെല്ലാം തികഞ്ഞ ആർജ്ജവത്തോടെ തള്ളിക്കളയുന്നുവെന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ഇക്കാര്യം പറഞ്ഞത്. വിദ്യാർത്ഥി അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പഴയ കെഎസ്‌യു നേതാവ് എ.കെ.ആന്റണിയുടെ നുണപ്രചരണങ്ങളിൽ എസ്എഫ്ഐക്ക് ഒന്നും സംഭവിക്കില്ലെന്നും റഫീഖ് പറഞ്ഞു.
‘ക്യാമ്പസുകളിലെ അരാഷ്ട്രീയഗുണ്ടാ മാഫിയാ സംഘങ്ങളോട് രാഷ്ട്രീയം പറഞ്ഞും പഠിച്ചും പോരാടിയുമാണ് ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഇന്നു കാണുന്ന സ്വാധീനം നേടിയെടുത്തത്. സർഗ്ഗാത്മകമായ വിദ്യാർത്ഥിത്വം കേരളത്തിലെ കാമ്പസുകളിൽ കലയുടെയും സാഹിത്യത്തിന്റെയും തുറന്ന രാഷ്ട്രീയ സംവാദങ്ങളുടെയും വസന്തകാലം തീർത്തപ്പോൾ അതിന്റെ പതാകവാഹകർ എസ്.എഫ്.ഐ ആയിരുന്നു. അതിനാൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിൽ കണ്ടതുപോലുള്ള പുഴുക്കുത്തുകൾ എസ്.എഫ്.ഐ എന്ന വന്മരത്തിന് ഒരിക്കലും ഭൂഷണമല്ലാത്തതാണ്.’- റഫീഖ് പോസ്റ്റിൽ കുറിച്ചു.
Read Also : കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ എസ്എഫ്‌ഐ കമ്മിറ്റി
അപവാദ പ്രചരണങ്ങളിലൂടെയും അടിച്ചമർത്തലിലൂടെയും ഇല്ലാതാക്കാൻ നോക്കിയപ്പോഴെല്ലാം പതിന്മടങ്ങ് ശക്തിയോടെ എസ്.എഫ്.ഐ തിരിച്ചു വന്നിട്ടുണ്ട്. ഏറ്റവും അധികം വിദ്യാർത്ഥികളെ കൊന്ന വിദ്യാർത്ഥി സംഘടനയെന്ന് എസ്.എഫ്.ഐക്കെതിരെ നുണപ്രചരണവുമായി എ.കെ ആന്റണി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ ക്യാമ്പസിൽ എത്ര എസ്എഫ്‌ഐക്കാർ വീണു മരിച്ചിട്ടുണ്ടെന്ന് ആന്റണിക്ക് അറിയാതെയാകില്ല ഈ നുണപ്രചരണം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയ ആന്റണിക്ക് എസ്എഫ്‌ഐയെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും റഫീഖ് പോസ്റ്റിലൂടെ ചോദിച്ചു.
Read Also : സുരക്ഷാ വലയം ഭേദിച്ച് വനിതാ നേതാവടക്കം അകത്തുകടന്നു; സെക്രട്ടേറിയറ്റിനുള്ളിൽ കെഎസ്‌യു പ്രതിഷേധം
കേരളത്തിന്റെ ചരിത്രത്തിൽ കലാലയങ്ങളിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയിട്ടുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്‌ഐ എന്ന് നേരത്തെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു റഫീഖിന്റെ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here