കത്തി വാങ്ങിയത് ഓൺലൈനായി; സൂക്ഷിച്ചത് എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലെന്നും പ്രതികൾ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദവിദ്യാർത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി ഓൺലൈനായി വാങ്ങിയതാണെന്ന് പ്രതികൾ. ഒരാഴ്ച മുമ്പ് കത്തി വാങ്ങിയെന്നും കത്തി എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ സൂക്ഷിച്ചുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പ്രതികൾ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെത്തിയത്. ചവറ് കൂനയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കുത്താൻ ഉപയോഗിച്ച കത്തി ശിവരഞ്ജിത്താണ് ചവറുകൂനയിൽ നിന്നും പുറത്തെടുത്ത് പൊലീസിന് നൽകിയത്. സംഘർഷത്തിനിടെ കോളേജിൽ പൊലീസെത്തിയതായി വിവരം ലഭിച്ചുവെന്നും ഇതേ തുടർന്നാണ് കത്തി ചവറ് കൂനയിൽ ഒളിപ്പിച്ചതെന്നുമാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here