പിടിച്ചെടുത്ത വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്ക

പിടിച്ചെടുത്ത വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്കയുടെ ആഹ്വാനം. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരേ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും പിന്നോട്ട് പോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അനധികൃതമായി എണ്ണ കടത്തിയ വിദേശകപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇന്നലെയാണ് ഇറാന്‍ രംഗത്തെത്തിയത്.
ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായക ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരം സുഗമമാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. മെയ് മാസം പകുതി മുതല്‍ ഇറാന്‍ പ്രദേശത്തെ കപ്പല്‍ സഞ്ചാരത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണെന്നും അമേരിക്ക ആരോപിച്ചു. ഇറാന്റെ നടപടിയില്‍ ശക്തമായി അപലപിക്കുന്നുവെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇറാന്‍ എത്രയും വേഗം നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പിടിച്ചെടുത്ത കപ്പലും അതിലെ ജീവനക്കാരെയും വിട്ടയക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ആവശ്യത്തിന് മറുപടി നല്‍കിയിട്ടില്ല.
ഇന്നലെയാണ് വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍ രംഗത്തെത്തിയത്. കപ്പലിലുണ്ടായിരുന്ന പന്ത്രണ്ട് ജോലിക്കാരും പിടിയിലായിട്ടുണ്ടെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അനധികൃതമായ എണ്ണകടത്താന്‍ ശ്രമിച്ചതിനാലാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വാദം. പിടിച്ചെടുത്ത കപ്പല്‍ യുഎഇയുടേതാണെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here