കർണാടകയിലെ വിശ്വാസവേട്ട്; സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം

Supreme Court Khap

കർണാടകയിലെ വിശ്വാസവോട്ട് സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം. വിമതർക്ക് വിപ്പ് നൽകുന്ന വിഷയത്തിൽ വ്യക്തത തേടി കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിശ്വാസ വോട്ട് നടന്നില്ലെങ്കിൽ ഗവർണറെ ഇടപെടിക്കാനാണ് ബിജെപി നീക്കം. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന ബിഎസ്പി അംഗം എൻ മഹേഷിന്റെ പ്രഖ്യാപനം കോൺഗ്രസ് ഭൾ സഖ്യത്തിന് തിരിച്ചടിയായി.

വ്യാഴാഴ്ച മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേൽ ചർച്ച ഇനിയും പൂർത്തിയായിട്ടില്ല. നാളെ വോട്ടെടുപ്പ് നടത്താൻ ധാരണയായെങ്കിലും വിമതർക്ക് വിപ്പു നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ട് മതി വിശ്വാസ വോട്ട് എന്ന നിലപാടിലാണിപ്പോൾ കോൺഗ്രസ്. ഇക്കാര്യത്തിൽ വ്യക്തത തേടി കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ വീഴും മുമ്പേ വിമതരെ അയോഗ്യരാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. വിമത എംഎൽഎമാരെ ബിജെപി തടവിലിട്ടെന്നും കുതിരക്കച്ചവടം നടത്തുന്നെന്നും കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖൺഡ്രെ പറഞ്ഞു.

ഗവർണറെ അനുസരിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നാണ് ബിജെപി പറയുന്നത്. ന്യൂനപക്ഷ സർക്കാർ ചട്ടവിരുദ്ധമായി സുപ്രധാന തീരുമാനങ്ങളെടുക്കുന്നെന്നും ബിഎസ് യെദ്യൂരപ്പ പറയുന്നു. സർക്കാരിനെ പിന്തുണച്ചിരുന്ന ഏക ബിഎസ്പി അംഗം എൻ മഹേഷ് വിശ്വാസ വോട്ടെടുപ്പ് വേളയിൽ സഭയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസ് ദൾ സഖ്യത്തിന് തിരിച്ചടിയായി. നിക്ഷ്പക്ഷത പാലിക്കാനാണ് മായാവതിയുടെ നിർദേശമെന്ന് എൻ മഹേഷ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top