സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് ഒന്നേകാൽ ലക്ഷത്തോളം വനിതകൾ

സൗദിയില്‍ ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശീ വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്‌. ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നൂറ്റി എണ്‍പതോളം വനിതാ ഡ്രൈവര്‍മാരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതായും ഇതുസംബന്ധമായ റിപ്പോര്‍ട്ട്‌ പറയുന്നു.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചതിനു ശേഷം ഇതുവരെ 181 വിദേശ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുപ്രകാരം പതിമൂന്നു ലക്ഷം വിദേശ ഹൌസ് ഡ്രൈവര്‍മാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. 2017-ല്‍ ഇത് പതിനാല് ലക്ഷം ആയിരുന്നു. അതായത് ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം വിദേശ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ പലരും വിദേശ വീട്ടു ഡ്രൈവര്‍മാരെ ഒഴിവാക്കി. ചിലര്‍ വിദേശത്ത് നിന്നും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തു. ഒരു ലക്ഷത്തി ഇരുപതിനായിരം സൗദി വനിതകള്‍ ഇതുവരെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി അതോറിറ്റി അറിയിച്ചു.

2018 ജൂണ്‍ 24-നാലിനാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചത്. അതേസമയം ലെവിയിലും മറ്റു ഫീസ്‌ ഇനങ്ങളിലും ഇളവ് ലഭിക്കാനായി നിരവധി വിദേശികള്‍ ഇഖാമയിലെ പ്രൊഫഷന്‍ വീട്ടുജോലിയാക്കി മാറ്റിയതായി അതോറിറ്റി വെളിപ്പെടുത്തി. പതിനേഴ്‌ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് നിലവില്‍ ഗാര്‍ഹിക ജോലിക്കായി റിക്രൂട്ട് ചെയ്യുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ തൊഴില്‍മേഖലയില്‍ ഇരുപത്തിരണ്ട് മുതല്‍ മുപ്പത് ശതമാനം വരെ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top