അടൂർ ഗോപാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പിന്തുണ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടൂരിനെതിരായ ബിജെപി വക്താവിന്റെ ഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി കൂട്ടായ്മകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബി.ഗോപാലകൃഷ്‌ന്റെ പ്രസ്താവനയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ആർഎസ്എസിന്റെ ഫാസിസ്റ്റ് രീതി സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് അടൂരിനെതിരായ ഭീഷണിയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ ബിജെപിക്കെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ബി ഗോപാലകൃഷ്ണനെ ബിജെപി തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
സ്വതന്ത്രമായി ചിന്തിക്കുന്ന പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ചന്ദ്രനിലേക്ക് അയക്കണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കേരളം അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പ്രതിഷേധം ആരു സംഘടിപ്പിച്ചാലും സഹകരിക്കാൻ ഒരുക്കമാണെന്ന നിലപാടാണ് സിപിഐഎം സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരിക്കുന്നത്.
ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ചിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളിക്കാൻ പറ്റില്ലെങ്കിൽ അടൂരിനോട് ചന്ദ്രനിലേക്ക് പോകാനായിരുന്നു ഗോപാലകൃഷ്ണന്റെ ആഹ്വാനം. ഇത് വിവാദമായ പശ്ചാത്തലത്തിൽ അടൂരിന് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here