നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഇന്ന്

നെടുംങ്കണ്ടം പൊലീസ് മർദനത്തിൽ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം ഇന്ന്. മൂന്ന് പേരടങ്ങുന്ന ഫോറൻസിക്ക് സംഘമാകും പത്തരയോടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം നടത്തുക. ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പാണ് റി പോസ്റ്റുമോർട്ടം നടത്താൻ അനുമതി തേടിയത്.

ജ്യുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റുമോർട്ടം നടക്കുക. കമ്മീഷന് പുറമേ, രാജ്കുമാറിന്റെ കുടുംബാംഗങ്ങൾ, ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം, ഇടുക്കി ആർഡിഒ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. രാജ്കുമാറിന്റെ ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധന നടത്താതിരുന്നത് ജുഡീഷ്യൽ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. മരണകാരണം ന്യൂമോണിയ ആണെന്ന കാര്യത്തിലും വ്യക്തത കുറവ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് റീ പോസ്റ്റുമോട്ടം നടത്താനുള്ള തീരുമാനത്തിലേക്ക് കമ്മീഷൻ എത്തുന്നത്.

മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിനു ശേഷമാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത്. വാഗമൺ കൊലാഹലമേട്ടിലെ സെന്റ്് സെബാസ്റ്റ്യൻ പള്ളിയിലാണ് രാജ്കുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്നത്. ജൂൺ മാസം 21 നാണ് രാജ്കുമാർ മരിക്കുന്നത്. 22ന് സംസ്‌കരിച്ചു. മുതിർന്ന പൊലീസ് സർജന്മാരായ പി ബി ഗുജറാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേർന്നാണ് രണ്ടാം വട്ട പോസ്റ്റുമോർട്ടം നടത്തുക. റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് നെടുംങ്കണ്ടം കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

അതിനിടെ കേസിൽ ഒന്നാം പ്രതി എസ് ഐ സാബു ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജ്കുമാറിന്റെ മരണകാരണം കസ്റ്റഡി മർദനമല്ലെന്നും, കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് ചൂണ്ടികാട്ടിയാണ് സാബു തൊടുപുഴ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. സാബുവിന്റെ വാദങ്ങളുടെ അടിസ്ഥാനത്തിൽ മുൻ എസ്പി കെ ബി വേണുഗോപാലിനെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുമ്പാകെ വരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top