Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (29-07-2019)

July 29, 2019
Google News 1 minute Read

നെടുങ്കണ്ടം റീ പോസ്റ്റ്‌മോർട്ടം; കാലുകൾ ബലമായി അകത്തിയതിന്റെ പാടുകൾ; ആ പരിക്കുകൾ മരണകാരണമായേക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ് കുമാറിന്റെ റീപോസ്റ്റ്‌മോർട്ടം പുരോഗമിക്കുന്നു. സീനിയർ പൊലീസ് സർജൻമാരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർഡിഒ, പീരുമേട് മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നടപടികൾ.

സിപിഐ മാർച്ചിനെതിരായ നടപടിയിൽ പൊലീസിന് വീഴ്ച്ച : ജില്ലാ കളക്ടറുടെ റിപ്പോർട്ട്

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മനസിലാക്കിയശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനന്‍ പറഞ്ഞു.

ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഡിഎൻഎ പരിശോധനയ്ക്കായി നാളെ രക്തസാമ്പിൾ നൽകണമെന്ന് കോടതി

പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി നാളെത്തന്നെ രക്തസാമ്പിൾ നൽകണമെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. ഡിഎൻഎ പരിശോധനയുമായി സഹകരിക്കണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും രക്തസാമ്പിൾ നൽകാൻ ബിനോയി തയ്യാറായിരുന്നില്ല. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് തയ്യാറാകാതിരുന്നത്.

ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്

ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ജേക്കബ് തോമസിന്റെ ഹർജിയിലാണ് ഉത്തരവ്. കേസിൽ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് ഉത്തരവിട്ടത്. അടിയന്തരമായി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലായിരുന്നു.

സിപിഐ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎ; തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി

കൊച്ചി ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎയാണെന്ന് പൊലീസ്. തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി. അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ അടക്കം ലാത്തി എംഎൽഎ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എംഎൽഎ തള്ളിമാറ്റി. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പൊലീസ് കളക്ടർക്ക് കൈമാറി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here