ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; സമാധാനം തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എസ്ഡിപിഐ-യുഡിഎഫ് ബാന്ധവത്തിന് തെളിവെന്ന് സിപിഐഎം. സമാധാനം തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേരളത്തില്‍ എസ്ഡിപിഐയെ പിന്താങ്ങുന്നത് ഇടതുപക്ഷമെന്ന് പിഎസ് ശ്രീധരന്‍ പിള്ളയും കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയെ പരാമര്‍ശിക്കാതെയുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം വലിയ ചര്‍ച്ചക്കാണ് വഴിതെളിച്ചത്. അതേ സമയം ആര്‍എസ്എസിനെ അനുകൂലിക്കുന്നവരും എസ്ഡിപിഐയെ അനുകൂലിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്ലാ വര്‍ഗീയവാദികളുമായും യുഡിഎഫുമായി രഹസ്യ ബന്ധം സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനം. ഒരേ സമയം ഹിന്ദു തീവ്രവാദികളേയും മുസ്ലിം തീവ്രവാദികളേയും കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ താലോലിക്കുന്നുവെന്നും ജലീല്‍ പറഞ്ഞു.
കേരളത്തിലെ സമാധാനം തകര്‍ക്കാന്‍ എസ്ഡിപിഐ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കൊലപാതകങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കേരളത്തില്‍ എസ്ഡിപിഐയെ പിന്താങ്ങുന്നത് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ച നിലപാടാണ് ചാവക്കാട്ടെ കൊലപാതകം പോലെയുള്ള അക്രമസംഭവങ്ങളിലേക്ക് കേരളത്തെ നയിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എസ്ഡിപിഐയുമായും പോപ്പുലര്‍ ഫ്രണ്ടുമായുമുള്ള ബന്ധത്തിന് കുട പിടിക്കുന്നത് മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here