ജമ്മുകാശ്മീരില്‍ 25,000 സൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

ജമ്മുകാശ്മീരില്‍ 25,000 സൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ്, ആർട്ടിക്കിള്‍ 35 എ കേന്ദ്ര സർക്കാർ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനിൽക്കേയാണ് കൂടുതല്‍ സൈനീകരെ വിന്യസിച്ചിരിക്കുന്നത്. അതേ സമയം വിഷയം ചർച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസിൻറെ ജമ്മു കശ്മീർ പോളിസി പ്ലാനിങ് ഗ്രൂപ്പ് ഇന്ന് യോഗം ചേരും.
കാശ്മീരിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസം പതിനായിരം സുരക്ഷ സൈനികരെ അധികമായ് വിന്യസിച്ചതിന് പിന്നാലെയാണ് ഇരുപത്തി അയ്യായിരപം സൈനീകരെ കൂടി നിയോഗിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 35 എ എടുത്തു കളയാന്‍ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് സൈനീക നീക്കമെന്നാണ് സൂചന. 1954 ല്‍ നിലവില്‍ വന്ന ആർട്ടിക്കിള്‍ 35 എ പ്രകാരം കശ്മീരില്‍ സ്വത്ത് വകകള്‍ വാങ്ങാന്‍ സംസ്ഥാനത്തുള്ളവർക്ക് മാത്രമാണ് അധികാരം.
കശ്മീരിലെ തദ്ദേശവാസികള്‍ ആരാണെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സർക്കാരിനാണ് അധികാരം. കശ്മീരിന് പുറത്തുള്ള ആളെ വിവാഹം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സ്വത്ത് വകകള്‍ക്ക് അവകാശമുണ്ടാകുകയില്ല, സംസ്ഥാന സർക്കാരിന് കീഴിലുള്ള നിയമനങ്ങള്‍ തദ്ദേശിയർക്ക് മാത്രം തുടങ്ങിയ വ്യവസ്ഥകള്‍ ഇതോടെ ഇല്ലാതാകും. കശ്മീരില്‍ സംഘർഷ സാധ്യത കണക്കിലെടുത്താണ് കൂടുതല്‍ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നതാണ് സൂചന.
ആർട്ടിക്കിള്‍ 35 എ റദ്ദ് ചെയ്യാന്‍ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ഉടന്‍ ശുപാർശ ചെയ്തേക്കും. അതേസമയം വിഷയത്തില്‍ കോൺഗ്രസ് പാർട്ടിയുടെ നിലപാടും സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കുന്നതിനായാണ് വൈകീട്ട് അഞ്ച് മണിക്ക് ഡോക്ടർ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ മുതിർന്ന നേതാക്കള്‍ യോഗം ചേരുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അമർനാഥ് യാത്ര നിർത്തി വച്ചിരിക്കുകയാണ്. മറ്റന്നാൾ വരെയാണ് അമർനാഥ് യാത്ര നിർത്തിവെച്ചിരിക്കുന്നത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here