ആഷസ്: സ്മിത്തിന്റെ അവിസ്മരണീയ സെഞ്ചുറി; തകർച്ച മറികടന്ന് ഓസ്ട്രേലിയ

ആഷസ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ. 284 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ സ്കോർ ചെയ്തത് വിക്കറ്റുകൾ തുടർച്ചയായി നിലം പൊത്തുമ്പോഴും ടെസ്റ്റ് ബാറ്റിംഗിൻ്റെ തുല്യതയില്ലാത്ത എക്സിബിഷൻ കാഴ്ച വെച്ച സ്റ്റീവ് സ്മിത്തിൻ്റെ അവിസ്മരണീയ സെഞ്ചുറിയാണ് ഓസീസിനെ വലിയ നാണക്കേണ്ടിൽ നിന്നു രക്ഷിച്ചത്. 144 റൺസെടുത്ത സ്മിത്ത് അവസാന വിക്കറ്റായാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിൽ 24ആമത്തേതും ആഷസിലെ 9ആമത്തേതും സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ഏകദിന ലോക ചാമ്പ്യന്മാർ എന്ന പെരുമയുമായെത്തിയ ഇംഗ്ലണ്ട് ഓസീസ് ബറ്റ്സ്മാന്മാരെ നിലയുറപ്പിക്കും മുൻപേ പറഞ്ഞയക്കുന്ന കാഴ്ചയാണ് ആദ്യ സെഷനുകളിൽ കണ്ടത്. കൃത്യതയോടെ പന്തെറിഞ്ഞ സ്റ്റുവർട്ട് ബ്രോഡും ക്രിസ് വോക്സും ആദ്യ ദിനത്തിലെ പിച്ച് ആനുകൂല്യം പരമാവധി മുതലെടുത്തപ്പോൾ ഓസീസ് ടോപ്പ് ഓർഡർ തകർന്നടിഞ്ഞു. ഡേവിഡ് വാർണർ (2) വിക്കറ്റിനു മുന്നിൽ കുടുങ്ങി ബ്രോഡിൻ്റെ ആദ്യ ഇരയായി മടങ്ങി. കാമറൺ ബാൻക്രോഫ്റ്റിനെ (8) റൂട്ടിൻ്റെ കൈകളിലെത്തിച്ച റൂട്ട് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ ഉസ്മാൻ ഖവാജയെ (13) ജോണി ബാരിസ്റ്റോയെ കൈകളിലെത്തിച്ച ക്രിസ് വോക്സും വിക്കറ്റ് വേട്ടയിൽ പങ്കു ചേർന്നു.
നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും ട്രെവിസ് ഹെഡും ചേർന്ന് 64 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ 35 റൺസെടുത്ത ഹെഡിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ വോക്സ് വീണ്ടും ഓസീസിനു പ്രഹരമേല്പിച്ചു. പിന്നാലെ മാത്യു വെയ്ഡ് (1) വോക്സിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങിയപ്പോൾ ക്യാപ്റ്റൻ ടിം പെയ്നിനെ (5) ബ്രോഡ് റോറി ബേൺസിൻ്റെ കൈകളിലെത്തിച്ചു. ബ്രോഡിന് നാലാം വിക്കറ്റ് സമ്മാനിച്ച് ജെയിംസ് പാറ്റിൻസണും മടങ്ങി. വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു പാറ്റിൻസൺ പുറത്തായത്. പാറ്റ് കമ്മിൻസിനെ (5) വിക്കറ്റിനു മുന്നിൽ കുരുക്കിയ ബെൻ സ്റ്റോക്സും വിക്കറ്റ് കോളത്തിൽ പേരു ചേർത്തു.
122/8 എന്ന നിലയിൽ വലിയ തകർച്ച നേരിടുമ്പോഴാണ് പീറ്റർ സിഡിൽ സ്റ്റീവ് സ്മിത്തുമായി ചേരുന്നത്. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. ബൗളർമരെ മാറി മാറി പരീക്ഷിച്ചിട്ടും റൂട്ടിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ 44 റൺസെടുത്ത പീറ്റർ സിഡിലിനെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച മൊയീൻ അലിയാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. അവസാന വിക്കറ്റിൽ നഥാൻ ലിയോണുമായി 74 റൻസ് പടുത്തുയർത്തിയ സ്മിത്താണ് കങ്കാരുപ്പടയെ കൈ പിടിച്ചുയർത്തിയത്. 144 റൺസ് നീണ്ട സ്മിത്തിൻ്റെ ഇന്നിംഗ്സിനു തിരശീലയിട്ട ബ്രോഡ് ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. ബ്രോഡിൻ്റെ പന്തിൽ ബൗൾഡായാണ് സ്മിത്ത് മടങ്ങിയത്. ലിയോൺ 12 റൺസ് നേടി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here