ഉന്നാവ് അപകടം; കുൽദീപ് സെൻഗറെ അറിയില്ലെന്ന് ട്രക്ക് ഉടമ

ഉന്നാവ് പീഡനക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുൽദീപ് സെൻഗറെ അറിയില്ലെന്ന് പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ച ട്രക്ക് ഉടമ ദേവേന്ദർ കിഷോർ പാൽ. തനിക്ക് എംഎൽഎയുമായോ അദ്ദേഹത്തിന്റൈ ആളുകളുമായോ ബന്ധമില്ല. കാറിലുണ്ടായിരുന്നവരെയും തനിക്ക് അറിയില്ലെന്നും ദേവേന്ദർ കിഷോർ പറഞ്ഞു. ലഖ്‌നൗവിലെ സിബിഐ ഓഫീസിൽ എത്തി ദേവേന്ദർ കിഷോർ മൊഴി നൽകി.
സാധാരണമായ ഒരു അപകടമാണ് സംഭവിച്ചത്. സംഭവത്തിൽ ഗൂഢാലോചനയൊന്നും ഇല്ലെന്നും ട്രക്ക് ഉടമ പറഞ്ഞു. ട്രക്കിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. ട്രക്ക് പിടിച്ചെടുക്കുമെന്ന് നോട്ടീസും കിട്ടിയിരുന്നു. അതിനാൽ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറയ്ക്കാൻ താനാണ് നിർദേശിച്ചത്. ഡ്രൈവറും സഹായിയും രണ്ട് വർഷത്തിലേറെ തന്റെ കൂടെയുള്ളവരാണ്. ഇരുവരെയും നേരിട്ട് അറിയാമെന്നും ട്രക്ക് ഉടമ പറഞ്ഞു.
അതിനിടെ കുൽദീപ് സെൻഗറുടെ വീട്ടിലടക്കം സിബിഐ റെയ്ഡ് നടത്തി. സെൻഗറിന്റെ വീട് ഉൾപ്പെടെ പതിനേഴ് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്്. ഉന്നാവ് വധശ്രമക്കേസിൽ സെൻഗറിനേയും സഹോദരൻ അതുൽ സിംഗിനേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട് നിലവിൽ സീതാപൂർ ജയിലിൽ റിമാൻഡിലാണ് സെൻഗറും അതുൽ സിംഗും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here