Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (6-8-2019)

August 6, 2019
Google News 1 minute Read

ജമ്മു കാശ്മീര്‍ വിഭജനവും പ്രത്യേക പദവിയും റദ്ദാക്കുന്ന ബില്ലുകള്‍ ലോക്സഭയിലും പാസാക്കി

ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്സഭയും പാസാക്കി. പ്രമേയത്തെയും ബില്ലിനെയും അനുകൂലിച്ച് 370 പേരും എതിര്‍ത്ത് 70 പേരും വോട്ടു ചെയ്തു. ലോക്സഭ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജന നടപടികള്‍ക്ക് തുടക്കമാകും.

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നാളെ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.

അപകടസമയത്ത് മദ്യപിച്ചതിന് തെളിവില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോര്‍ട്ടാണ് ജാമ്യം ലഭിക്കാന്‍ സഹായകരമായത്.

അയോധ്യ ഭൂമി തര്‍ക്കക്കേസ്; ഉടമസ്ഥാവകാശം തങ്ങള്‍ക്ക് വേണമെന്ന് നിര്‍മോഹി അഖാഡ; ഭൂമിയില്‍ മുസ്ലിം സമുദായം പ്രാര്‍ത്ഥന നടത്തിയിരുന്നതല്ലേയെന്ന് കോടതി

അയോധ്യ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന് പ്രധാന കക്ഷികളില്‍ ഒന്നായ നിര്‍മോഹി അഖാഡ സുപ്രീംകോടതിയില്‍. കേസിലെ അന്തിമവാദം ആരംഭിച്ചപ്പോഴാണ് നിര്‍മോഹി അഖാഡ ആവശ്യമുന്നയിച്ചത്.

‘ഇന്‍വിജിലേറ്റര്‍മാര്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയിട്ടില്ല, പരീക്ഷ നടത്തിപ്പില്‍ വീഴ്ച്ച പറ്റിയിട്ടില്ല’ : പിഎസ്സി ചെയര്‍മാന്‍

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പി.എസ്.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍ നിന്നും പ്രണവിന്റെ ഫോണിലേക്ക് മൂന്നു ഫോണുകളില്‍ നിന്നും കൂട്ടമായി എസ്.എം.എസുകള്‍ എത്തി. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസില്‍ പരാതി നല്‍കും.

പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗം; ജീവന്‍ കൊടുത്തും അത് നിലനിര്‍ത്തുമെന്ന് അമിത് ഷാ

പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗമാണെന്നും ജീവന്‍ കൊടുത്തും അത് നിലനിര്‍ത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയില്‍ ജമ്മുകശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുന:സംഘടനാ ബില്ലിലുമുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പിഎസ്സി പരീക്ഷാ ക്രമക്കേട്; ചുമതലയിലുണ്ടായിരുന്ന അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് സൂചന

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിൽ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കും പങ്കുള്ളതായി സൂചന. പരീക്ഷയെഴുതാനെത്തിയവർക്ക് മൊബൈൽ ഫോൺ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ കയറ്റാൻ അനുമതി നൽകിയത് ഇവരാണെന്നാണ് സംശയം.

പിഎസ്സി പരീക്ഷയില്‍ ക്രമക്കേട്; എസ്എഫ്ഐ നേതാവ് പ്രണവ് ഒളിവില്‍

പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയ എസ്എഫ്‌ഐ നേതാവ് പി.പി. പ്രണവ് ഒളിവിൽ. യുണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതി ചേർത്ത് രണ്ടാഴ്ചയായിട്ടും പിടികൂടിയില്ല. പൊലീസ് റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരനാണ് പ്രണവ്.

ജമ്മു കശ്മീര്‍ വിഭജനം; ബില്‍ ലോക്സഭ ഇന്ന് പരിഗണിക്കും

പ്രത്യേക പദവി കല്പിയ്ക്കുന്ന 370 ആം വകുപ്പിന്റെ ആനുകൂല്യം നഷ്ടമായ ജമ്മുകാശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായ് പുന: ക്രമികരിയ്ക്കുന്ന ബിൽ ലോകസഭ ഇന്ന് പരിഗണിയ്ക്കും. രാജ്യസഭ ഇന്നലെ പാസാക്കിയ ബില്ലാണ് ജമ്മുകാശ്മീർ സംവരണ ഭേഭഗതി ബില്ലിന് ഒപ്പം ഇന്ന് ലോകസഭയിൽ എത്തുക.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here