വഫയുടെ രഹസ്യ മൊഴി പുറത്ത് പോയതിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് കോടതി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചയ്ക്ക് ശേഷം

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കു ശേഷം വിധി പറയും.ശ്രീറാമിന്റെ രക്ത പരിശോധനാ ഫലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.അതേ സമയം ശ്രീറാമിന് വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി.ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കസ്റ്റഡി അപേക്ഷ തള്ളിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദം നടത്തി.രാഷ്ട്രീയക്കാർ ശ്രീറാമിനെ സർവീസിൽ നിന്ന് നീക്കാൻ ഗൂഡാലോചന നടത്തുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണവും, തെളിവെടുപ്പും വേണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഉച്ചയ്ക്ക് 2.30ക്ക് ശ്രീറാമിന്റെ രക്ത പരിശോധനാ ഫലം ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതിനു ശേഷമാകും വിധി പറയുക.
വഫയുടെ രഹസ്യമൊഴി പുറത്ത് പോയതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു.അതേ സമയം കേസിൽ കോടതി നിരീക്ഷണം വേണമെന്നും മ്യൂസിയം ക്രൈം എസ്.ഐയെ പ്രതി ചേർക്കണമെന്നും സിറാജ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
ശ്രീറാമിന് വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കസ്റ്റഡി അപേക്ഷ തള്ളിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here