ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയെന്ന് എയിംസ്

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവ് പെണ്‍ക്കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടി കഴിയുന്നതെന്ന് എയിംസ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനെയും എയിംസിലേക്ക് മാറ്റി. പെണ്‍കുട്ടിയുടേയും ബന്ധുക്കളുടേയും സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ തീസ് ഹസാരി കോടതി സിബിഐയോട് ചോദിച്ചു. കേസിന്മേലുള്ള വാദം നാളെയും തീസ് ഹസാരി കോടതിയില്‍ തുടരും.
ഇന്നലെ രാത്രി ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലെത്തിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി കഴിയുന്നത്. രക്ത സമ്മര്‍ദം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരെന്നും ട്രോമാ കെയര്‍ വിഭാഗം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ രാവിലെയൊടെയാണ് അഭിഭാഷകനേയും എയര്‍ ആംബുലന്‍സില്‍ എയിംസ് ആശുപത്രിയില്‍ എത്തിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും സാക്ഷി കളുടേയും സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഡല്‍ഹി തിസാരി കോടതി സിബിഐയോട് ആരാഞ്ഞു. നാളെ ലക്‌നൗവില്‍ നിന്ന് മാറ്റിയ കേസുകളിലെ വാദം നാളെയും തുടരും. ഇതിനായി മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെയും രണ്ടാം പ്രതി ശശി സിംഗിനെയും നാളെ കോടതിയില്‍ ഹാജരാക്കും. ഇവരെ നിലവില്‍ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍ ആശിഷ് പാലിനേയും ക്ലീനര്‍ മോഹനേയും സിബിഐ അപകടം നടന്ന റായ് ബറേലി പ്രദേശത്ത് എത്തിച്ച് തെളിവെടുത്തു. ഇന്നലെ ഇവരെ സ്ഥലത്ത് എത്തിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെളിവെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here