സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 83 ആയി; 58 പേരെ കാണാനില്ല

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ കാണാനില്ല.
മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടായതോടെ നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്ന് പിരിച്ചുവിട്ടു. അതേ സമയം സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് എണ്ണൂറിലധികം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

എന്നാല്‍ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറ, കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ നിന്നായി ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മലപ്പുറം ജില്ലയില്‍ 50പേരെയും വയനാട് ഏഴ് പേരെയും കോട്ടയത്ത് ഒരാളെയും കാണാതായിട്ടുണ്ട്. അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് വട്ലക്കി ഊരിലെ നഞ്ചപ്പന്‍ എന്ന ആദിവാസി യുവാവ് ഇന്ന് മരിച്ചു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് ,മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പെട്ട് 2 പേര്‍ മരിച്ചു.

കൊച്ചു മേത്തന്‍കടവ് സ്വദേശി ലാസര്‍ തോമസ്, പൂത്തുറ സ്വദേശി റോക്കി ബഞ്ചിനോസ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് ശക്തമായ തിരമാലയില്‍ പെട്ട് പുലിമുട്ടില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സംസ്ഥാനത്ത് 1413 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,55,662 പേര്‍ ക്യാമ്പുകളിലാണ്. മഴ കുറഞ്ഞതോടെ ഇന്ന് നൂറിലധികം ക്യാമ്പുകള്‍ പിരിച്ചുവിട്ടു. 8718 വീടുകള്‍ ഭാഗികമായും 838 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് സര്‍ക്കാരിന്റെ കണക്ക്.

.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More