കേരള വിദ്യാഭ്യാസചട്ട ഭേദഗതി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഹര്‍ജിക്ക് വിധേയമെന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്ത നടപടി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടി നെതിരായ ഹര്‍ജിയ്ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഇആര്‍ പരിഷ്‌കരണത്തിനെതിരെ കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെടി അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല നിര്‍ദേശം. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി ആഗസ്റ്റ് 26 ന് പരിഗണിക്കാന്‍ മാറ്റി.
പൊതുവിദ്യാഭ്യാസ മേഖലയിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ഏകീകരണത്തിനായി നടപ്പാക്കുന്ന കെഇആര്‍ ഭേദഗതി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനവും 2009 ലെ വിദ്യാഭ്യാസാവകാശ നിയമത്തിനു വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തിലെ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദധ സമിതിയാണിത്. സമിതിയില്‍ മൂന്ന് അംഗങ്ങളാണുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാര്‍ച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ചുമതല. പ്രൈമറി തലം മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേരള സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here