‘ഇത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ’; ദുരിതബാധിതർക്ക് കളക്ഷൻ തുക നൽകി മമ്മാലി എന്ന ഇന്ത്യക്കാരന്റെ അണിയറപ്രവർത്തകർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ മറ്റുള്ളവർക്ക് പ്രചോദനമായിരിക്കുന്നത്. കളക്ഷന്റെ ആകെ തുകയുടെ അൻപത് ശതമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ എൻ ശിവൻ പറഞ്ഞു.
വളരെ കുറച്ചു തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇതുവരെ ലഭിച്ച കളക്ഷൻ തുകയുടെ അൻപത് ശതമാനമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുന്നത്. രണ്ട് മൂന്ന് തിയേറ്ററുകളിൽ നിന്നും കുറച്ചു തുക കൂടി ലഭിക്കാനുണ്ട്. അതിന്റെ ഒരു ഭാഗം കൂടി ദുരിതബാധിതർക്ക് നൽകാനാണ് തീരുമാനമെന്നും സംവിധായകൻ പറയുന്നു. മറ്റുള്ള സിനിമാക്കാർക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
സമൂഹത്തിൽ ചർച്ചയാകുന്ന നിരവധി വിഷയങ്ങൾ ഒരൊറ്റ ഫ്രെയിമിൽ അവതരിപ്പിച്ചാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ തിയേറ്ററുകളിൽ എത്തിയത്. ഹിന്ദുത്വഫാസിസം, പശുഭീകരത, പൊലീസ് വേട്ടയാടൽ, മാവോയിസം, ട്രാൻസ്‌ജെൻഡറുകൾ നേരിടുന്ന അവഗണന, ഇസ്ലാമോമോബിയ, അടിച്ചമർത്തൽ എന്നിവയെല്ലാമാണ് ചിത്രം പറഞ്ഞുവെച്ചത്. ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് മകൻ കൊല്ലപ്പെട്ട ശേഷം ഒരു കുടുംബം കടന്നു പേകുന്ന പ്രതിസന്ധിഘട്ടങ്ങളെ സിനിമ തുറന്നു കാട്ടി.
Read more: സമൂഹം വേട്ടയാടുന്ന മനുഷ്യർ; ശക്തമായ രാഷ്ട്രീയം പറഞ്ഞ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ തിയേറ്ററുകളിലേക്ക്
സിനിമയുടെ നിർമാതാവായ കാർത്തിക് കെ നഗരമായിരുന്നു സിനിമയുടെ മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിച്ചത്. പ്രകാശ് ബാര സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here