Advertisement

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

August 16, 2019
Google News 0 minutes Read

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ തടയണ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്നും കേസിലെ വാദത്തിനിടെ കോടതി വിമര്‍ശിച്ചു.

തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്‍വറിന്റെ തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷമാണ് അനധികൃതമായി തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയൊക്കെ ആയിട്ടും എന്ത് കൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു. തടയണ പൊളിച്ചു മാറ്റി വെള്ളം മുഴുവന്‍ ഒഴുക്കി കളയണം. അതിനുള്ള ചിലവ് തടയണ കെട്ടിയവര്‍ തന്നെ വഹിക്കുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here