സോപാന സംഗീത കലാകാരൻ ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു

സോപാന സംഗീത കുലപതിയും ആറ് പതിറ്റാണ്ട് കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനുമായിരുന്ന ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു. 90 വയസ്സായിരുന്നു. 66 വർഷം ഗുരുവായൂരപ്പന് മുന്നിൽ കൊട്ടിപ്പാടി സേവ നടത്തിയ കലാകാരനാണ്. പാലക്കാട് ചെർപ്പുളശേരി നെല്ലായ സ്വദേശിയായ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂരിലായിരുന്നു സ്ഥിരതാമസം. ആഴ്ചകൾക്ക് മുമ്പു വരെ ക്ഷേത്രങ്ങളിൽ സംഗീതാലാപനവുമായി കലാരംഗത്ത് സജീവമായിരുന്നു.
കേന്ദ്ര, കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരങ്ങൾ, ഷട്കാല ഗോവിന്ദമാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗീതാഗോവിന്ദത്തിന് രാധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിട്ടുണ്ട്. സോപാന സംഗീതത്തെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കുന്നതിനുളള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഗുരുവായൂരപ്പ സന്നിധിയിൽ ഭക്തിയിൽ ലയിച്ച് സ്വയം മറന്നുള്ള ജനാർദ്ദനന്റെ ആലാപനം ഭക്തരെ ഏറെ ആനന്ദത്തിലാക്കുന്നതായിരുന്നു. ഭൂപാളം,ബലഹരി,ശ്രീരാഗം തുടങ്ങിയ രാഗങ്ങളിൽ കീർത്തനങ്ങൾ പതികാലത്തിൽ ഭക്തിക്കും ശൃംഗാരത്തിനും പ്രാധാന്യം നൽകുന്ന ഗുരുവായൂർ ശൈലിയിലാണ് ആലപിച്ചിരുന്നത്. കേരളമെമ്പാടുമായി സോപാന സംഗീതത്തിൽ നിരവധി ശിഷ്യർ ഇദ്ദേഹത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here