ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജി 7 ഉച്ചകോടിയില്‍ വിഷയം ഗൗരവതരമായി ചര്‍ച്ച ചെയ്യണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. അതേസമയം മാക്രോണ്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിഷയം ഉപയോഗിക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയത്. ഞങ്ങളുടെ വീട് കത്തിയെരിയുന്നു എന്ന അടിക്കുറിപ്പോടെയാണ് ആമസോണ്‍ കാടുകള്‍ കത്തുന്ന ചിത്രം മാക്രോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
അന്തരീക്ഷത്തിലെ 20 ശതമാനം ഓക്‌സിജന്‍ പുറത്തുവിടുന്നത് ആമസോണ്‍ കാടുകളില്‍ നിന്നാണ്. അതിനാല്‍ തന്നെ അവിടെയുണ്ടാവുന്ന തീപിടുത്തങ്ങള്‍ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി. ജി 7 ഉച്ചകോടിയില്‍ അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മാക്രോണിന്റെ അഭിപ്രായത്തിനെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ രംഗത്തെത്തി. രാഷ്ട്രീയ ലാഭം മാത്രമാണ് മാക്രോണിന്റെ ലക്ഷ്യമെന്ന് ബോല്‍സനാരോ കുറ്റപ്പെടുത്തി. ജി 7 രാജ്യങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടില്ല. അതിനാല്‍ തന്നെ ജി 7 ഉച്ചകോടിയില്‍ ആമസോണ്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പറയുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും ബോല്‍സനാരോ ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ആമസോണ്‍ കാടുകളിലെ തീപിടുത്തത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ഈ വര്‍ഷമുണ്ടായത് റെക്കോര്‍ഡ് തീ പിടുത്തമാണെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ ജനുവരി – ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ 73,000 തീപിടുത്തങ്ങളാണ് ആമസോണ്‍ മഴക്കാടുകളിലുണ്ടായത്. 2018 ലെ അപേക്ഷിച്ച് 83 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here