പിവി സിന്ധു സ്വർണ്ണമണിഞ്ഞ അതേ വേദിയിൽ മാനസി ജോഷിയും സ്വർണ്ണം നേടി; ആകെ 12 മെഡൽ നേടിയിട്ടും തങ്ങൾക്ക് അഭിനന്ദനമില്ലെന്ന് ടീം അംഗത്തിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ പിവി സിന്ധു ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്. ജപ്പാൻ്റെ നൊസോമി ഒകുഹാരയെ രണ്ട് സെറ്റുകൾക്ക് തകർത്ത സിന്ധു രാജ്യം മുഴുവൻ ആഘോഷിക്കപ്പെട്ടു. എന്നാൽ സിന്ധു കിരീടം നേടിയ അതേ വേദിയിൽ, ഒരു ദിവസം മുൻപ് സ്വർണ്ണമണിഞ്ഞ മാനസിയെ അധികം ആരും അറിഞ്ഞില്ല.

മാനസിയും ലോകചാമ്പ്യൻഷിപ്പ് ബാഡ്മിൻ്റണിലെ ആദ്യ സുവർണ്ണമെഡലാണ് നേടിയത്. പക്ഷേ, അത് പാരാ ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിലായിരുന്നുവെന്ന് മാത്രം. അംഗപരിമിതരുടെ ലോക ചാമ്പ്യൻഷിപ്പിൽ മാനസിയുടെ ആദ്യ സ്വർണ്ണ മെഡൽ. ഇന്ത്യകാരി തന്നെയായ പരുൾ പാർമറിനെയാണ് മാനസി പരാജയപ്പെടുത്തിയത്. മുൻപ് മൂന്നു വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോഴും മാനസി പരാജയപ്പെട്ടിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം ചരിത്രം മാറിമറിഞ്ഞു.

മാനസി മാത്രമല്ല, പാരാ ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയത് 12 മെഡലുകളാണ്. എന്നിട്ടും ഈ നേട്ടം വലിയ ചർച്ചയായില്ല. സംഘത്തിലുണ്ടായിരുന്ന സുകാന്ത് കദം പിവി സിന്ധുവിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ സങ്കടം അറിയിക്കുകയും ചെയ്തു. സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളും സിന്ധുവിന് ആശംസകളുമടങ്ങുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സുകാന്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.

അതേ സമയം, തൻ്റെ നേട്ടം ട്വിറ്ററിലൂടെ പങ്കുവെച്ച മാനസി പിവി സിന്ധുവിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

(വാർത്ത അറിയിക്കാൻ വൈകിയതിൽ മാനസിയോട് ട്വൻ്റിഫോർ ന്യൂസ് മാപ്പ് ചോദിക്കുന്നു)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top