‘ഹാട്രിക്ക് ലഭിക്കാൻ കാരണം ക്യാപ്റ്റനാണെ’ന്ന് ബുംറ; അഭിമുഖത്തിനിടെ പൊട്ടിച്ചിരിച്ച് കോലി: വീഡിയോ

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ത്യയുടെ വരുതിയിലാണ്. ഇന്ത്യയുടെ 416 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്. ഹാട്രിക്കടക്കം 6 വിക്കറ്റിട്ട ജസ്പ്രീത് ബുംറയാണ് വിൻഡീസിനെ കെട്ടുകെട്ടിച്ചത്. ഇപ്പോഴിതാ തനിക്ക് ഹാട്രിക്ക് ലഭിക്കാൻ കാരണം വിരാട് കോലിയാണെന്നാണ് ബുംറയുടെ വെളിപ്പെടുത്തൽ. മത്സരത്തിനു ശേഷം കോലി തന്നെ നടത്തിയ അഭിമുഖത്തിലാണ് ബുംറയുടെ പ്രതികരണം.

ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ ലോകേഷ് രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ബുംറ ഹാട്രിക്ക് വേട്ട ആരംഭിച്ചത്. തൊട്ടടുത്ത പന്തിൽ ഷമർ ബ്രൂക്സിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ബുംറ ഹാട്രിക്കിലേക്ക് ഒരുപടി കൂടി അടുത്തു. അടുത്ത പന്തിൽ റോസ്റ്റൻ ചേസിനെയും വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും ബുംറയ്ക്ക് അത് വിക്കറ്റാണെന്ന് ഉറപ്പുണ്ടായിരുന്നില്ല. അപ്പീൽ പോലും ചെയ്യാതിരുന്ന ബുംറ റിവ്യൂ എടുക്കാൻ വിസമ്മതിച്ചെങ്കിലും ക്യാപ്റ്റൻ വിരാട് കോലി റിവ്യൂ ഉപയോഗിക്കുകയായിരുന്നു. ഇതാണ് ബുംറ കോലിക്ക് ക്രെഡിറ്റ് നൽകാൻ കാരണം.

“അപ്പീലിനെപ്പറ്റി എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല. ആദ്യം ബാറ്റ് കൊണ്ടിട്ടുണ്ടാവാമെന്നാണ് ഞാൻ കരുതിയത്. അതു കൊണ്ട് ഞാൻ അപ്പീൽ ചെയ്തില്ല. പക്ഷേ, അതൊരു നല്ല റിവ്യൂ ആയിരുന്നു. അതുകൊണ്ട് തന്നെ ഹാട്രിക്കിൽ ഞാൻ ക്യാപ്റ്റനോട് കടപ്പെട്ടിരിക്കുന്നു”- ബുംറ വീഡിയോയിലൂടെ പറയുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

മത്സരത്തിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും വിൻഡീസിന് 129 റൺസ് കൂടി വേണം. ആകെ 329 റൺസ് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More