ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി സെപ്തംബർ 30 ? [24 Fact Check]

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം സെപ്തംബർ അവസാനം വരെ നീട്ടിയെന്ന് വ്യാജ പ്രചരണം. നികുതി വകുപ്പിന്റെ വ്യാജ ഉത്തരവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്ത തള്ളി ഇൻകംടാക്‌സ് അധികൃതർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഓഗസ്റ്റ് 31 എന്ന് ചിലർ പറയുമ്പോൾ സെപ്തംബർ 30 ആക്കി നീട്ടിയെന്ന് മറ്റു ചിലർ വാദിക്കുന്നു. ആദായ നികുതി വകുപ്പ് പുറത്തിറക്കിയതെന്ന് തോന്നിക്കുന്ന വ്യാജ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ തർക്കങ്ങൾ. ഉത്തരവിന്റെ ചിത്രത്തോടൊപ്പം ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31 ൽ നിന്നും സെപ്തംബർ 30 ആക്കി നീട്ടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
എന്നാൽ ഇത് വ്യാജമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരവ് യഥാർത്ഥമല്ലെന്നും ആദായനികുതി വകുപ്പ് തന്നെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആദായനികുതി വകുപ്പ്്അധികൃതർ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. നികുതിദായകർ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണെന്നും ആദായനികുതി വകുപ്പ് ട്വിറ്ററിൽ കുറിച്ചു.
സമയപരിധിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, അസസ്‌മെന്റ് വർഷത്തിനുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ ഓപ്ഷനുണ്ട്. ഐടി വകുപ്പ് വിലയിരുത്തൽ പൂർത്തിയാക്കുന്നതിന് മുമ്പായി 2019 മാർച്ച് 31 വരെ കാലതാമസം വരുത്തിയ റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ ഇതിന് പിഴ നൽകണം.
ഡിസംബർ 31 ന് മുമ്പ് ഐടിആർ ഫയൽ ചെയ്താൽ 5000 രൂപ പിഴ നൽകിയാൽ മതി. ജനുവരി 1 നും മാർച്ച് 31നും ഇടിയിലാണ് ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ പിഴ തുക 10,000 രൂപയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here