ഇന്ത്യയുടെ ജിഡിപി ഇടിവ്; പാകിസ്താൻ സൈനിക സുരക്ഷ ശക്തമാക്കിയെന്ന വാർത്ത വ്യാജം

ആറു വർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ജിഡിപി (ആളോഹരി വരുമാനം) വളർച്ചയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച അഞ്ചു ശതമാനം മാത്രമായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകളെ ശരി വെക്കും വിധം പുറത്തു വന്ന വാർത്തയുടെ ചുവടുപിടിച്ച് പാക്കിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത തീർത്തും വ്യാജമാണ്.

വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി ഇന്ത്യ തങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ പാക്കിസ്ഥാൻ സൈനിക സുരക്ഷ വർധിപ്പിച്ചു എന്ന മട്ടിലാണ് ഒരു വെബ്‌സൈറ്റിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. വളരെ വേഗത്തിൽ ഈ വാർത്ത പ്രചരിച്ചു. പല ആളുകളും ഇത് പങ്കു വെച്ചു. വാർത്തയുടെ സ്ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ വൈറലായി. എന്നാൽ ഈ വാർത്തയുടെ ഉറവിടം അന്വേഷിക്കുമ്പോൾ ഇത് വ്യാജ വാർത്തയാണെന്നാണ് മനസ്സിലാവുന്നത്.

വ്യാജവാർത്തകൾ എന്ന ലേബലോടെ ട്രോൾ വാർത്തകൾ പങ്കു വെക്കുന്ന ഫേക്കിംഗ് ന്യൂസ് എന്ന വെബ്സൈറ്റിനോട് സമാനമായ ‘ദി ഫോക്സി’ എന്ന സൈറ്റാണ് ഈ വാർത്തയ്ക്കു പിന്നിൽ. ആക്ഷേപഹാസ്യം എന്ന നിലയിലാണ് ഇവർ ഈ വാർത്ത തയ്യാറാക്കിയത്.

ഫോക്സി വെബ്സൈറ്റിൽ തന്നെ ഇതിലെ ആർട്ടിക്കിളുകൾ ഫിക്ഷനാണെന്നും ഇതൊരു ആക്ഷേപ ഹാസ്യ വെബ്സൈറ്റാണെന്നും പറയുന്നുണ്ട്. രാഷ്ട്രീയം, കായികം, സിനിമ തുടങ്ങി വിവിധ മേഖലകളിൽ ഇവർ ആക്ഷേപ ഹാസ്യ ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഈ വാർത്തയാണ് ചിലരെങ്കിലും ശരിയായ വാർത്തയാണെന്നു തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കുന്നത്. അത്തരം പങ്കു വെക്കലുകളുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. വ്യാജവാർത്തകളോട് നമുക്ക് അകന്നു നിൽക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top