ഓണാഘോഷമില്ലാതെ എൻഡോസൾഫാൻ ദുരിതബാധിതർ

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത് ആഘോഷങ്ങളില്ലാത്ത ഓണക്കാലം. കഴിഞ്ഞ മൂന്നു മാസക്കാലമായി ദുരിതബാധിതരുടെ പ്രതിമാസ പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഉത്സവ ആഘോഷങ്ങൾക്കായി ലഭിച്ചിരുന്ന ആയിരം രൂപയും ഇത്തവണ മുടങ്ങി.
സാമൂഹ്യ സുരക്ഷാമിഷനിലൂടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രതിമാസ പെൻഷൻ നൽകിയിരുന്നത്. എല്ലാ മാസവും കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പെൻഷനാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി മുടങ്ങിക്കിടക്കുന്നത്. ദുരിത ബാധിതരിൽ പലരുടെയും വീട്ടുചെലവുകൾ പോലും കഴിഞ്ഞു പോയിരുന്നത്, പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുകയെ ആശ്രയിച്ചാണ്.
എൻഡോസൾഫാൻ സെൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും മറ്റ് സെൽ ജീവനക്കാരും ഇടക്കിടെ മാറിവരുന്നതിനാൽ ആരോട് ചോദിക്കണമെന്നറിയാതെ നിൽക്കുകയാണിവർ. ട്രഷറിയിൽ നിന്നുള്ള കാലതാമസം കാരണമാണ്പെൻഷൻ വൈകിയതെന്നും പെൻഷൻ ഓണത്തിന് മുമ്പ് തന്നെ നൽകുമെന്നുമാണ് സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്റെ വിശദീകരണം. എന്നാൽ ട്രഷറി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇനി ഓണാവധിക്ക് ശേഷം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഓണം ഇവർക്ക് പട്ടിണിയുടെ ഓണക്കാലമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here