ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റി വച്ചു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പി.ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിനായി ജോസഫ് വിഭാഗം നേതാക്കളുമായി കോൺഗ്രസ് ഇന്ന് കോട്ടയത്ത്  നടത്താനിരുന്ന ചർച്ച മാറ്റി വച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ വിദേശത്തായതിനാലാണ് ചർച്ച മാറ്റിയതെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ചർച്ച നാളെ വൈകീട്ട് 3 ന് നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. അതേ സമയം അവസാന നിമിഷത്തിൽ ചർച്ച മാറ്റിവച്ചതിൽ കടുത്ത അമർഷത്തിലാണ് ജോസഫ് വിഭാഗം.

Read Also; ജോസ് ടോമിനെ ഉപദ്രവിക്കുന്നത് ജോസ് കെ മാണി പക്ഷക്കാർ തന്നെയാണെന്ന് മോൻസ് ജോസഫ്

പാലായിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് പക്ഷത്തെ അനുനയിപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജോസഫ് വിഭാഗം നേതാക്കളുമായി ഇന്ന് ചർച്ച നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 2 ന് കോട്ടയം ഡിസിസി ഓഫീസിൽ നിശ്ചയിച്ചിരുന്ന ചർച്ചയിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് പക്ഷത്തെ നേതാക്കളായ ജോയ് എബഹാം, മോൻസ് ജോസഫ് എന്നിവർ പങ്കെടുക്കാനായിരുന്നു തീരുമാനം.

എന്നാൽ ബെന്നി ബെഹന്നാന് എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പാലായിലെ യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂക്കി വിളിച്ചതും കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ വിവാദലേഖനവുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു.

Read Also; കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്

കേരള കോൺഗ്രസിലെ ചേരിപ്പോര് പാലാ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് കോൺഗ്രസ് നേതാക്കൾ ജോസഫിനെ അനുനയിപ്പിക്കാൻ ഇന്ന് ചർച്ച വിളിച്ചത്.യുഡിഎഫ് നേതൃത്വം ഇടപെട്ട് ചർച്ചയ്ക്ക് വിളിച്ചതോടെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പി.ജെ ജോസഫ് ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ ഇനി പ്രകോപനം ഉണ്ടാകില്ലെന്ന് സ്റ്റീഫൻ ജോർജും സ്ഥാനാർത്ഥിയുടെ വിജയത്തിൽ മാത്രമാണ് ശ്രദ്ധയെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. അതേ സമയം കേരളാ കോൺഗ്രസ് തർക്കത്തിൽ പി.ജെ ജോസഫിന് മനപ്രയാസം ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വികാരം ന്യായമാണെന്നും സാന്ത്വനപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More