‘വെട്ടിനുറുക്കിയതിന് ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ടുപോകണം’; ഖഷോഗി വധവുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ പുറത്ത്. കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് അദ്ദേഹവും കൊലയാളികളുമായി സംസാരിക്കുന്നതുൾപ്പെടെയുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കൊലയ്ക്ക് ശേഷം ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കുന്നതിനെ കുറിച്ച് ഡോക്ടർ പറയുന്നത് ശബ്ദരേഖയിലുണ്ട്. തുർക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുർക്കിയിലെ ദേശീയ അന്വേഷണ ഏജൻസിയാണ് പത്രത്തിന് വിവരങ്ങൾ കൈമാറിയത്.

വിവാഹത്തിന് മുൻപായി ചില രേഖകൾ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഖഷോഗി സൗദി കോൺസുലേറ്റിലെത്തിയത്. ഇതിനിടെ സൗദി ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെർ അബ്ദുള്ള മുട്രെബ് ഖഷോഗിയെ ഒരു മുറിയിലേക്ക് തള്ളിയിട്ടു. തുടർന്ന് ഇരുവരും സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

തന്നെ പോകാൻ അനുവദിക്കണമെന്ന് ഖഷോഗി പറയുന്നുണ്ട.് എന്ത് ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും ഖഷോഗി ചോദിക്കുന്നു. ഇരിക്കാൻ പറയുന്ന മുട്രെബ് താങ്കളെ റിയാദിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഇന്റർപോളിന്റെ ഉത്തരവുണ്ടെന്നും മുട്രെബ് പറയുന്നു. തനിക്കെതിരെ കേസൊന്നുമില്ലെന്നാണ് ഖഷോഗി ഇതിന് നൽകുന്ന മറുപടി. തന്റെ പ്രതിശ്രുതവധു പുറത്ത് കാത്തുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Also:ഖഷോഗി വധം; യുഎൻ മനുഷ്യാവകാശ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് സൗദി അറേബ്യ

തന്നെ കണ്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ടെന്ന് കാണിച്ച് മകന് സന്ദേശം എഴുതാൻ മുട്രെബ് ആവശ്യപ്പെടുന്നത് ശബ്ദരേഖയിലുണ്ട്. താൻ എന്താണ് മകനോട് പറയേണ്ടതെന്ന് ചോദിക്കുന്ന ഖഷോഗി കത്തെഴുതാൻ വിസമ്മതിക്കുന്നുണ്ട്. തുടർന്ന് മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോൾ തനിക്ക് ആസ്മയുണ്ടെന്നും ശ്വാസം മുട്ടുമെന്നും ഖഷോഗി പറയുന്നു. ഇതാണ് ഖഷോഗി പറയുന്ന അവസാന വാക്കുകൾ.

കൊലപാതകത്തിന് ശേഷമുള്ള സംഭാഷണങ്ങളും പത്രം പുറത്തുവിട്ടു. ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിറ്റോളം നീണ്ടുനിൽക്കുന്ന സംഭാഷണമാണിത്. മൃതദേഹം വെട്ടിമുറിക്കാൻ നേതൃത്വം നൽകിയ സൗദി ജനറൽ സെക്യൂരിറ്റി ഡിപാർട്ട്‌മെന്റിലെ ഫോറൻസിക് എവിഡൻസ് വിഭാഗം മേധാവി ഡോക്ടർ സലഹ് മുഹമ്മദ് അൽ തുബൈഗി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ തനിക്ക് അറിയാമെന്നും എന്നാൽ ചൂട് വിട്ടുമാറാത്ത മൃതദേഹം താനിതുവരെയും കൈകാര്യം ചെയ്തിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. മൃതദേഹങ്ങൾ വെട്ടിമുറിക്കുമ്പോൾ താൻ സാധാരണയായി ഹെഡ്‌സെറ്റ് വയ്ക്കാറുണ്ടെന്നും വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ട് പോകണമെന്നും ഡോക്ടർ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. സൗദി കോൺസുലേറ്റിൽവച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് തുർക്കി ആരോപിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top