Advertisement

ഉത്രാടപ്പാച്ചിലിൽ തിരക്കേറി പച്ചക്കറി കടകൾ; നേതൃത്വം നേന്ത്രക്കായയ്ക്ക് തന്നെ

September 10, 2019
Google News 1 minute Read

ഉത്രാടപ്പാച്ചിലിൽ  പച്ചക്കറി കടകളിൽ ഇത്തവണയും തിരക്കോടു തിരക്കാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊള്ളുന്ന വില ഇത്തവണ ഓണക്കാലത്തില്ലെന്നതാണ് ഒരാശ്വാസം. അതേ സമയം ചില പച്ചക്കറികൾക്ക് വില നൂറ് കടന്നിട്ടുണ്ട്. ഇഞ്ചിയും ബീൻസുമാണ് വിലയിൽ സെഞ്ച്വറി കടന്നത്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങാക്കോൽ, ചേന എന്നിവയ്‌ക്കെല്ലാം അമ്പതിൽ താഴെയാണ് വില. കുമ്പളങ്ങ, കാബേജ്, തക്കാളി,സവാള എന്നിവയെല്ലാം കഴിഞ്ഞയാഴ്ചത്തെ അതേ വിലയിൽ തന്നെയാണ് തുടരുന്നത്.

Read Also; ജാഗ്രത..! കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ടെത്തുന്നത് മായം കലർത്തിയ പാൽ

സർവീസ് സഹകരണ ബാങ്കുകളുടെയും കൃഷി ഭവനുകളുടെയും പഞ്ചായത്തുകളുടെയുമെല്ലാം നേതൃത്വത്തിൽ വ്യാപകമായി പച്ചക്കറി വിപണന സ്റ്റാളുകൾ തുറന്നതാണ് ഇത്തവണ പച്ചക്കറി വില കാര്യമായി കുതിച്ചുയരാത്തതിന് കാരണം. ഇത്തരം കേന്ദ്രങ്ങൾക്ക് സർക്കാരിൽ നിന്ന് സബ്‌സിഡി ലഭിക്കുന്നതിനാൽ മറ്റു കടകളെ അപേക്ഷിച്ച് 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് പച്ചക്കറികൾ വിൽക്കുന്നത്.

നാടൻ പച്ചക്കറികൾ മാത്രം വിൽക്കുന്ന കടകളും ഓണത്തോടനുബന്ധിച്ച് പലയിടത്തും ഒരുക്കിയിട്ടുണ്ട്. നാടൻ പച്ചക്കറികൾക്ക് വില അൽപം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയുണ്ട്. ഉത്രാട ദിവസത്തെ തിരക്ക് കണക്കിലെടുത്ത് പലയിടത്തും പച്ചക്കറി മൊത്തക്കച്ചവടക്കാർ ഇന്ന് വിലയിൽ വർധന വരുത്തിയിട്ടുണ്ട്.

Read Also; ശബരിമല നട തുറന്നു; ഓണസദ്യ ഇന്ന് മുതൽ

ഓണവിപണിയിൽ ഏറെ തിളങ്ങി നിൽക്കുന്നത് നേന്ത്രക്കായ തന്നെയാണ്. നേന്ത്രക്കായയുടെ വില ഓണമടുത്തതോടെ പെട്ടെന്നാണ് കൂടിയത്. പച്ചക്കായ കിലോയ്ക്ക് 50 മുതൽ 60 വരെയാണ് വില. പഴത്തിന് 70 രൂപ വരെ വിലയുണ്ട്. രണ്ടാഴ്ച മുമ്പുവരെ 30-35 രൂപയായിരുന്നു നേന്ത്രക്കായയ്ക്ക്. എന്നാൽ ഓണത്തിനുള്ള ഉപ്പേരി വറുക്കൽ തുടങ്ങിയതോടെ കായയുടെ വില പടിപടിയായി ഉയർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള നേന്ത്രക്കായയാണ് വിപണിയിലേറെയും. കഴിഞ്ഞ മാസമുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വയനാട്, മലപ്പുറം  ജില്ലകളിൽ വാഴക്കൃഷി വ്യാപകമായി നശിച്ചതിനാൽ നാടൻ കായ വളരെക്കുറച്ച്  മാത്രമേ വിപണിയിലേക്കെത്തിയിട്ടുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here