അഭിനയം നിർത്തിയ സൈറ വസീം ‘ദി സ്കൈ ഈസ് പിങ്കി’നായി പ്രമോഷനിറങ്ങിയോ? ആ വാർത്ത വ്യാജം

രണ്ട് മാസങ്ങൾക്കു മുൻപാണ് ബോളിവുഡ് നടി സൈറ വസീം അഭിനയം നിർത്തുന്നതായി അറിയിച്ചത്. ദംഗൽ എന്ന അമീർ ഖാൻ ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന സൈറ മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവരം പുറത്തു വിട്ട നടി കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ലെന്നും ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ലെന്നും പറഞ്ഞിരുന്നു.

അടുത്തിടെ പ്രശസ്ത സംവിധായിക ഷൊനാലി ബോസിൻ്റെ ചിത്രം ‘ദി സ്കൈ ഈസ് പിങ്കി’ൻ്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തു വന്നപ്പോൾ അതിൽ സൈറയുമുണ്ടായിരുന്നു. കടൽത്തീരത്ത്, ചിത്രത്തിലെ മറ്റു അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, ഫർഹാൻ അക്തർ തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെ സിനിമാ പ്രമോഷനായി സൈറ വീണ്ടും രംഗത്തിറങ്ങിയെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചു. ‘പണത്തെക്കാൾ വലിയ മതമില്ലെന്ന’ അടിക്കുറിപ്പോടെ ട്വിറ്ററിലാണ് ഈ പ്രചാരണത്തിനു തുടക്കമിട്ടത്. ഇതിൽ വല്ല സത്യവുമുണ്ടോ? ഇല്ല എന്നാണുത്തരം.

മാർച്ച് ഒന്നിനും 12നും ഇടയിലാണ് സൈറയുടെ ബീച്ച് ചിത്രം എടുത്തത്. ‘ദി സ്കൈ ഈസ് പിങ്കി’ൻ്റെ അവസാന ഷെഡ്യൂൾ ഈ ദിവസങ്ങളിലായിരിക്കുമെന്ന് സംവിധായിക തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

മാർച്ച് ഒൻപതിന്, സിനിമയിൽ സൈറയോടൊപ്പം അഭിനയിച്ച രോഹിത് സറഫ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സൈറയോടൊപ്പം നിൽക്കുന്ന ചിത്രത്തിലെ ഇവരുടെ വേഷവിധാനങ്ങൾ ബീച്ച് ചിത്രത്തിലേതു തന്നെ ആയിരുന്നു.

മാർച്ച് ഏഴിനു പ്രിയങ്ക ചോപ്ര പങ്കു വെച്ച വീഡിയോയിൽ ഇതേ വസ്ത്രം ധരിച്ച രോഹിതിനെയും കാണാം.

അന്ന് തന്നെ ഒരു ചിത്രവും പ്രിയങ്ക ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലും വസ്ത്രങ്ങളൊക്കെ ഒന്നു തന്നെ.

അതായത്, അഭിനയം നിർത്തിയതിനു ശേഷം സൈറ സിനിമാ പ്രമോഷന് ഇറങ്ങിയിട്ടില്ല. പഴയ ചിത്രങ്ങൾ പലരും വ്യാജവാർത്ത പ്രചരിപ്പിക്കാനായി പങ്കുവെക്കുക മാത്രമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top