ഡി.കെ ശിവകുമാറിനും കുടുംബത്തിനും 317 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ പക്കൽ ഇരുനൂറ് കോടിയുടെ കള്ളപ്പണമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവകുമാറിന്റെ ഇരുപത്തിരണ്ട് വയസുള്ള മകൾക്ക് നൂറ്റിയെട്ട് കോടിയുടെ സ്വത്തുണ്ടെന്നും ശിവകുമാറിനും കുടുംബത്തിനും 317 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി റോസ് അവന്യു കോടതിയെ അറിയിച്ചു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി നീട്ടണമെന്ന ആവശ്യം പരിഗണിച്ച് കോടതി ഈ മാസം പതിനേഴ് വരെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

Read Also; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.കെ ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്‌സ്‌മെന്റിന്റെ സമൻസ്

ശിവകുമാർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും നിക്ഷേപങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു. ശിവകുമാറിനും കുടുംബത്തിനും രാജ്യത്തും വിദേശത്തുമായി മുന്നൂറ്റിപതിനേഴ് ബാങ്ക് അക്കൗണ്ടുകളും എണ്ണൂറ് കോടിയുടെ ബിനാമി സ്വത്തുക്കളുമുണ്ട്. ഇതുസംബന്ധിച്ച് ശിവകുമാറിനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. എന്നാൽ എൻഫോഴ്സ്മെന്റിന്റെ വാദങ്ങളെ ഡി.കെ ശിവകുമാർ തള്ളി.

Read Also; ‘ഡി കെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യ’; ആരോപണവുമായി ബിജെപി അധ്യക്ഷൻ

അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മാത്രമാണുള്ളതെന്നും ശിവകുമാർ കോടതിയിൽ വ്യക്തമാക്കി. ഇ.ഡിയുടെ നോട്ടീസ് കിട്ടിയപ്പോൾ മുതൽ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ട്. എല്ലാ രേഖകളും കൈമാറാൻ തയ്യാറാണെന്നും നിയമം അനുസരിക്കുന്ന പൗരനാണ് താനെന്നും ശിവകുമാർ കോടതിയിൽ പറഞ്ഞു. കള്ളപ്പണക്കേസിൽ സെപ്തംബർ 3 നാണ് ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ എൻഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top