‘മരട് ഫ്‌ളാറ്റ് പൊളിക്കാൻ വൻ പ്രതിഷേധം നേരിടേണ്ടി വരും’; നഗരസഭ സെക്രട്ടറി കളക്ടർക്ക് റിപ്പോർട്ട് നൽകി

വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് മരട് നഗരസഭ സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഒഴിപ്പിക്കൽ നടപടിക്കെതിരെ ഫ്‌ളാറ്റുടമകൾ ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഫ്‌ളാറ്റുടമകളുടെ റിലേ സത്യാഗ്രഹ സമരം മരട് നഗരസഭയ്ക്ക് മുന്നിൽ തുടരുകയാണ്.
മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിച്ച നടപടികൾ അറിയിക്കുന്നതിനാണ് മരട് നഗരസഭ സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയത്. വൻ പ്രതിഷേധം മറികടന്ന് മാത്രമേ പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ കളക്ടർ സുഹാസിന് റിപ്പോർട്ട് നൽകി. കളക്ട്രേറ്റിലെത്തിയാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.
അതിനിടെ ഫ്‌ളാറ്റ് പണിതത് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് റിപ്പോർട്ട് നൽകിയ ടി കെ ജോസ്, മുഹമ്മദ് വൈസഫീറുള്ള, പി കെ സുബാഷ് എന്നിവരുടെ കോലം താമസക്കാർ കത്തിച്ചു. ഫ്‌ളാറ്റിൽ നിന്നും ഇറങ്ങില്ലെന്ന നിലപാടിലാണ് താമസക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here