മൂന്ന് കൊല്ലം പോലും തികയ്ക്കാത്ത പാലാരിവട്ടത്തെ ‘പഞ്ചവടിപ്പാലം’

പാലാരിവട്ടം ബൈപ്പാസിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെയൊരു മേൽപാലത്തിന് പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് കൊല്ലം തികയ്ക്കും മുമ്പേ പൊളിച്ചു കളയേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ ഈ പഞ്ചവടിപ്പാലം. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ തന്നെ മേൽപാലത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന കുലുക്കത്തെപ്പറ്റി പരാതികളുയർന്നിരുന്നതാണ്. എന്നാൽ അന്ന് ആരും അതത്ര കാര്യമാക്കിയില്ല. എന്നാൽ വൈകാതെ പാലത്തിൽ പലയിടങ്ങളിലായി റോഡിലെ ടാറിളകി തുടങ്ങി. ടാറിളകിയ ഭാഗങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള വാഹനഗതാഗതം യാത്രക്കാരുടെ നടുവൊടിക്കാനും തുടങ്ങി.

Read Also; പാലാരിവട്ടം മേൽപ്പാലം; മന്ത്രിയല്ല പാലമുണ്ടാക്കുന്നതെന്നും സർക്കാർ അന്വേഷണം നടത്തട്ടെയെന്നും ചെന്നിത്തല

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് പാലത്തിൽ ആറിടങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയത്. ഗതാഗതം ഒട്ടും സാധ്യമാകാത്ത അവസ്ഥയിലെത്തിയതോടെ അറ്റകുറ്റപണികൾക്കായി 2019 മെയ് ഒന്നിന് രാത്രി പാലാരിവട്ടം മേൽപാലം അടച്ചുപൂട്ടി. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘത്തിന്റെ പരിശോധനയിൽ എക്‌സ്പാൻഷൻ ജോയിന്റുകളുടെയും ബെയറിംഗുകളുടെയും നിർമാണത്തിൽ വന്ന വീഴ്ചയാണ് ബലക്ഷയത്തിന് പ്രധാന കാരണമെന്നാണ് കണ്ടെത്തിയത്. നിർമാണത്തിനുപയോഗിച്ച കമ്പിയും സിമന്റുമുൾപ്പെടെ ഗുണനിലവാരമില്ലാത്തതായിരുന്നെന്നും കണ്ടെത്തിയിരുന്നു.

പൊളിച്ചു പണിയൽ വലിയ വെല്ലുവിളി

പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയുക എന്ന വലിയ വെല്ലുവിളിയാണ് മെട്രോമാൻ ഇ. ശ്രീധരന്റെ മുന്നിലുള്ളത്. അപ്രോച്ച് റോഡ് ഒഴിവാക്കിയാൽ 440 മീറ്റർ നീളമുള്ള പാലമാണ് പൊളിച്ചുപണിയേണ്ടത്. 102 ഗർഡറുകളാണ് മേൽപ്പാലത്തിനുള്ളത്. ഇതിൽ 97 ലും വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നതിനാൽ ഇവയൊക്കെ മാറ്റേണ്ടി വരും. ഇവ നീക്കം ചെയ്യുന്നത് തന്നെ ഏറെ ക്ലേശകരമായ ജോലിയാണ്.

മേൽപാലത്തിന്റെ തൂണുകളും പിയർ ക്യാപ്പുകളും ഒഴിച്ചുള്ളവയെല്ലാം പൊളിച്ചു നീക്കേണ്ടി വരും. കോൺക്രീറ്റിൽ തീർത്ത ഗർഡറുകൾ പൊളിച്ചുനീക്കുമ്പോൾ താഴെ റോഡിൽ ഉണ്ടാകുന്ന ഗതാഗതകുരുക്കും പരിസരത്തെ മലിനീകരണ പ്രശ്‌നങ്ങളും വലുതായിരിക്കും. പാലാരിവട്ടം ബൈപ്പാസ് പോലെ പ്രതിദിനം ലക്ഷകണക്കിന് വാഹനങ്ങൾ കടന്നു പോകുന്നിടത്ത് ഗതാഗത നിയന്ത്രണം എത്രത്തോളം വിജയിക്കുമെന്നതും ആശങ്കയുയർത്തുന്നു. ഇതിനു വേണ്ട തുക കണ്ടെത്തലാണ് മറ്റൊരു വെല്ലുവിളി.

Read Also; പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ്‌ സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്; 24 എക്‌സ്‌ക്ലൂസീവ്

സ്പാനുകൾ മാറ്റുന്നതിനു മാത്രം രണ്ട് കോടിയോളം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മാസത്തോളം സമയം ഇതിനെടുത്തേക്കാം. മേൽപ്പാലത്തിൽനിന്ന് പൊളിച്ചെടുക്കുന്ന ഗർഡറുകളും സ്പാനുകളും എവിടെ നിക്ഷേപിക്കുമെന്നതും വെല്ലുവിളി തന്നെയാണ്. ഇവ കടൽഭിത്തി കെട്ടാനുപയോഗിക്കാമെന്ന ഉപദേശമാണ് നിലവിൽ സർക്കാരിന് ലഭിച്ചിരിക്കുന്നത്. പാലത്തിലെ നിലവിലുള്ള തൂണുകളും പിയർ ക്യാപ്പുകളും ബലപ്പെടുത്തലിലൂടെ ഉപയോഗ യോഗ്യമാക്കാമെന്നാണ് ഇ. ശ്രീധരൻ പറഞ്ഞിരിക്കുന്നത്. ഇതിനായി 1.71 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.

പാലാരിവട്ടം മേൽപാലം- ഒറ്റനോട്ടത്തിൽ

ആകെ നീളം – 750 മീറ്റർ (അപ്രോച്ച് റോഡുൾപ്പെടെ)

എസ്റ്റിമേറ്റ് തുക- 42 കോടി, കരാർ തുക- 39 കോടി

നിർമാണ ഏജൻസി- റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ

കരാർ സ്ഥാപനം- ആർഡിഎസ് പ്രൊജക്ട്‌സ്,ഡൽഹി

മേൽനോട്ടം- കിറ്റ്‌കോ

ഭരണാനുമതി2013 ഒക്ടോബർ

തറക്കല്ലിടൽ-2014 ജൂൺ (അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി)

നിർമാണം തുടങ്ങിയത്- 2014 സെപ്റ്റംബർ

നിർമാണം പൂർത്തിയായത്- 2016 സെപ്റ്റംബർ

ഉദ്ഘാടനം- 2016 ഒക്ടോബർ 12 (മുഖ്യമന്ത്രി പിണറായി വിജയൻ)

തകരാറുകൾ ശ്രദ്ധയിൽപെട്ടത് – 2017 ജൂലൈ

അറ്റകുറ്റപണികൾക്കായി പാലം അടച്ചു- 2019 മെയ് 1

വിജിലൻസ് അന്വേഷണത്തിന് ശുപാർശ- മെയ് 3

18 കോടിയുടെ അറ്റകുറ്റപണി വേണമെന്ന റിപ്പോർട്ട് ഇ ശ്രീധരൻ സർക്കാരിന് കൈമാറി – ജൂലൈ നാല്

മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലു പേർ വിജിലൻസ് അറസ്റ്റിൽ – ആഗസ്റ്റ് 30

പാലം പൊളിച്ചു പണിയേണ്ടി വരുമെന്ന ഇ.ശ്രീധരന്റെ നിർദേശം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു – സെപ്റ്റംബർ 16


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top