പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ പ്രണവിനെയും സഫീറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പരീക്ഷാ ക്രമക്കേട് കേസിൽ
പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്. തട്ടിപ്പ് ആസൂത്രണം ചെയ്തത് പ്രണവാണെന്ന് നേരത്തെ അറസ്റ്റിലായ പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ മൊഴി നൽകിയിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം തെളിവെടുപ്പിനെത്തിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ മറ്റു പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരെയും ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
Read Also; പിഎസ്‌സി പരീക്ഷാ ക്രമക്കേട്; നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയത് വിവാദമായിരുന്നു. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്ക് പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങളെത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പരീക്ഷാ ക്രമക്കേടിനെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here