പാലാരിവട്ടം മേൽപാലത്തിന്റെ തകർച്ചയുടെ ഉത്തരവാദി ആരെന്ന് ഹൈക്കോടതി

പാലാരിവട്ടം മേൽപാലത്തിന്റെ തകർച്ചയുടെ ഉത്തരവാദി ആരെന്ന് ഹൈക്കോടതി. അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ടിഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
പാലാരിവട്ടം മേൽപാല നിർമാണ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. അഴിമതിയിൽ ഓരോ പ്രതികളുടെയും പങ്ക് വ്യക്തമാക്കണം. ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
അതേ സമയം, താൻ സർക്കാരിന്റെ വെറും ഉപകരണമാണെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നും ടിഒ സൂരജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് വിശദീകരിച്ചു. മേൽപാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി പരിഹസിച്ചു. സിനിമക്കഥ പാലാരിവട്ടത്ത് യാഥാർഥ്യമായെന്നായിരുന്നു കോടതി പരാമർശം. കാരാറുകാർക്ക് മുൻകൂറായി 8.25 കോടി രൂപ നിർദേശിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞാണെന്നാണ് ടിഒ സൂരജിന്റെ ഹർജിയിലെ പ്രധാന വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here