മോട്ടോർ വാഹന പരിശോധന വീണ്ടും കർശനമാക്കുന്നു; നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല

നാളെ മുതൽ മോട്ടോർ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം. ഗതാഗത നിയമലംഘനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല. പകരം കേസുകൾ കോടതിക്ക് കൈമാറും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു.

മോട്ടോർ വാഹന നിയമ ലംഘനത്തിന് ഈടാക്കുന്ന പിഴ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുംവരെ കാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇതനുസരിച്ച് നാളെ മുതൽ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.

മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം ഉയർന്ന പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വാഹന പരിശോധന നിർത്തിവച്ച അവസ്ഥയാണുള്ളത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ചുമത്തേണ്ടെന്നാണ് നിർദേശം.പകരം കേസുകൾ നേരിട്ട് കോടതിയിലേക്ക് കൈമാറാനും നിർദേശമുണ്ട്. ഗതാഗത സെക്രട്ടറി ദിവസവും കേസുകളുടെ കണക്കെടുക്കും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

ഓണക്കാലം കഴിയും വരെ വാഹന പരിശോധന കർശനമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ബോധവത്ക്കരണം മാത്രമായി അധിക ദിവസം തുടരാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഗതാഗത വകുപ്പിന്റെ നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More