ചെറുനാരങ്ങയുടെ വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 250 കടന്നു

സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില റെക്കോർഡിലേക്ക്. കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയാണ് വില. തിരുവനന്തപുരത്ത് ഹോർട്ടികോർപിന്റെ വിൽപന ശാലകളിൽ 230 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. ആലപ്പുഴ, കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഹോർട്ടികോർപ് സ്റ്റാളുകളിൽ ചെറുനാരങ്ങ വില ഇരുനൂറിൽ താഴെ നിൽക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയാണ് ചെറുനാരങ്ങയ്ക്ക് വില പെട്ടെന്ന് കൂടിയത്. ഓണത്തിന് ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 60 മുതൽ 80 രൂപയായിരുന്നു വില.
Read Also; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
തമിഴ്‌നാട്ടിൽ നിന്ന് വരവ് കുറഞ്ഞതാണ് വില പെട്ടെന്നുയരാനുള്ള കാരണമായി മൊത്തക്കച്ചവടക്കാർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ചെറുനാരകം കൃഷിയിൽ വിളവ് കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്. ഓണവും ചിങ്ങമാസത്തിലെ തിരക്കേറിയ വിവാഹമുഹൂർത്തങ്ങളും കാരണം കഴിഞ്ഞ രണ്ടാഴ്ചയായി ചെറുനാരങ്ങയ്ക്ക് വലിയ ഡിമാൻഡാണ് വിപണിയിൽ അനുഭവപ്പെട്ടിരുന്നത്. വിപണിയിലെ ഡിമാൻഡ് മുന്നിൽ കണ്ട് മൂക്കാത്ത നാരങ്ങകളടക്കം വിളവെടുത്തതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. കന്നി മാസത്തിൽ വിവാഹങ്ങൾ കുറയുമെന്നതിനാൽ ചെറുനാരങ്ങയുടെ വില ഉടൻ തന്നെ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here