തേജസ് പോർ വിമാനത്തിൽ പറന്ന ആദ്യത്തെ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്

യുദ്ധവിമാനമായ തേജസിൽ പറന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്. ബെംഗളുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് പൈലറ്റുമാരുടെ ജി-സ്യൂട്ട് ധരിച്ച് രാജ്നാഥ് സിങ് തേജസ് വിമാനത്തിൽ സഞ്ചരിച്ചത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു തേജസിലെ ഈ പറക്കലെന്ന് രാജ്നാഥ് സിങ് യാത്രയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പൈലറ്റിന്റെ ജി-സ്യൂട്ട് വേഷം ധരിച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ തേജസ് യാത്ര.

പൈലറ്റിനൊപ്പം വിമാനത്തിലേക്ക് നടന്നു കയറിയ രാജ്നാഥ് സിംഗ് സ്വയം പിൻസീറ്റിലിരുന്ന് സ്ട്രാപ്പ് ധരിച്ച് പറക്കാൻ തയ്യാറായി. ഹെൽമെറ്റ്, ഓക്സിജൻ മാസ്‌ക് തുടങ്ങിയവയും ധരിച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ യാത്ര. അരമണിക്കൂറോളം നേരമാണ് പ്രതിരോധമന്ത്രി തേജസ്സിൽ യാത്ര ചെയ്തത്. തേജസിലെ യാത്രയ്ക്ക് ശേഷം ഡിആർഡിഒ സംഘടിപ്പിച്ച പ്രതിരോധ സംവിധാനങ്ങളുടെ പ്രത്യേക പ്രദർശനവും മന്ത്രി സന്ദർശിച്ചു.

ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ് കഴിഞ്ഞയാഴ്ചയാണ് ഗോവയിൽ വിജയകരമായി അറസ്റ്റഡ് ലാൻഡിങ് നടത്തിയത്. ഇത്തരത്തിലൊരു ലാൻഡിങ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫൈറ്റർ ജെറ്റാണ് തേജസ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ നേരത്തെ സുഖോയ് 30 യുദ്ധവിമാനത്തിൽ സഞ്ചരിച്ചിരുന്നു.

ഇത്തരത്തിലുള്ള ഒരു യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവാണെന്ന നേട്ടവും ഇതോടെ നിർമലാ സീതാരാമൻ സ്വന്തമാക്കി. വ്യോമസേനയിൽ  ഒരു ബാച്ച് തേജസ് വിമാനങ്ങളാണ് ഇപ്പോൾ ഉള്ളത്. കപ്പലുകളിൽ ഉപയോഗിക്കാവുന്ന തരത്തിൽ നാവികസേനയ്ക്ക് വേണ്ടിയുള്ള തേജസ് വിമാനങ്ങൾ ഉടൻ തന്നെ യാഥാർത്ഥ്യമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top