സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു; നടപടിയെടുക്കാതെ സർക്കാർ

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തധമനി ചികിത്സ നിലച്ചിട്ട് ഒരുമാസം പിന്നിടുമ്പോൾ ഇതിനെതിരെ നിലപാടെടുക്കാതെ വിമുഖത കാട്ടുകയാണ് അധികൃതർ.
രക്തധമനി ചികിത്സ നിലച്ചതിനെ തുടർന്ന് അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ഞൂറിലധികം രോഗികളാണ് ദിവസേന ചികിത്സ കിട്ടാതെ മടങ്ങുന്നത്. സർക്കാർ കുടിശിക നൽകാത്തതിനെ തുടർന്ന് ചികിത്സക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. അതേ സമയം സ്റ്റെന്റ് വിതരണക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ചികിത്സക്കായി എത്തുന്ന രോഗികളോട് സർക്കാർ കമ്പനിക്ക് പണം നൽകാൻ ഉണ്ടെന്നും അത് നൽകിയാൽ മാത്രമെ ഓപ്പറേഷൻ നടത്താൻ കഴിയു എന്നുമാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. തിരുവനന്തപുരം ശ്രീചിത്ര കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ഇന്റർവെൻഷനൽ റേഡിയോളജി ചികിത്സയുള്ളത് കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമാണ്. ചികിത്സതേടി ദൂരെ നിന്ന് പോലും എത്തുന്ന രോഗികൾ ചികിത്സ കിട്ടാതെ മടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ എത്തുന്ന രോഗികളിൽ ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ കഴിയാത്തവരാണ്.
2018 ഒക്ടോബർ മുതൽ 2കോടി രൂപയാണ് ഇവിടുത്തേക്കാവശ്യമായ സ്റ്റെന്റ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങിയ വകയിൽ വിതരണക്കാർക്ക് നൽകാനുള്ളത്. കാത്ത് ലാബിലേക്ക് സ്റ്റെൻഡ് വാങ്ങിയ വകയിൽ 10 കോടി രൂപ ഇനിയും സർക്കാർ വിതരണക്കാർക്ക് നൽകാനുണ്ട്. ഈ തുക തിരിച്ച് നൽകിയാൽ മാത്രമേ ഇനി ഉപകരണങ്ങൾ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here