ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിടാൻ കുറ്റമറ്റ സംവിധാനം വേണം; മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം

സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയും ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിടാൻ കുറ്റമറ്റ സംവിധാനമുണ്ടാകണമെന്ന് സുപ്രിംകോടതി. ഇതിനായി മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. സ്വകാര്യത, രാജ്യ സുരക്ഷ, അഖണ്ഡത എന്നിവ മനസിൽ വച്ചാകണം മാർഗനിർദേശങ്ങൾ തയാറാക്കേണ്ടത്. മൂന്നാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അഞ്ച് മിനിറ്റ് കൊണ്ട് എ.കെ.47 വാങ്ങാൻ കഴിയുന്ന തലത്തിലാണ് ഇന്റർനെറ്റിന്റെ ഇരുണ്ടമുഖത്തിന്റെ വളർച്ച. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യകൾ വ്യാപകമാണ്. ആർക്കും ആർക്കെതിരെയും അപകീർത്തികരമായ ട്രോളുകൾ നിർമിച്ചു പ്രചരിപ്പിക്കാൻ കഴിയുന്ന സാഹചര്യം. ഇതെല്ലാം ആശങ്കപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത നിരീക്ഷിച്ചു. സ്മാർട്ട് ഫോൺ ഒഴിവാക്കി പഴയകാല ഫോണുകളിലേക്ക് തിരിച്ചുപോകുന്നത് പോലും ആലോചിച്ചുവെന്ന് കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് കോടതി ആരാഞ്ഞു.
Read Also : എസ്ബിഐ മാനേജരെന്ന വ്യാജേന കോൺഗ്രസ് എംപിയെ പറ്റിച്ച് 23 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ
ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല, കേന്ദ്രസർക്കാരാണ് മാർഗ നിർദേശങ്ങൾ തയ്യാറാക്കേണ്ടത്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വ്യക്തികളുടെ സ്വകാര്യതയും കണക്കിലെടുക്കണം. സർക്കാർ നയം ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിഷയം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here