ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

മോശം കൈയ്യക്ഷരമുള്ള ഒരു വ്യക്തിയെഴുതിയത് വായിക്കുമ്പോൾ ഒരാൾ ആദ്യം പറയുന്നത് ‘ഇത് വായിക്കണമെങ്കിൽ ഫാർമസിയിൽ കൊടുക്കണം’ എന്നാകും. ഡോക്ടർമാർ എഴുതുന്ന തീരെ മനസ്സിലാകാത്ത കുറിപ്പടി വരെ വായിച്ചെടുക്കുന്നവരാണല്ലോ ഫാർമസിസ്റ്റുകൾ ! അത് മാത്രമല്ല, ചോദിക്കാനുള്ള മടി കാരണം മരുന്നുകളെ കുറിച്ച് ഡോക്ടറോട് ചോദിക്കാത്ത സംശയങ്ങളും തീർത്ത് തരുന്നത് ഫാർമസിസ്റ്റുകൾ തന്നെയാണ്. ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ നൽകുന്ന സംഭാവനകളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടും ലോക ഫാർമസി ദിനം എത്തി.
ആതുരസേവനരംഗത്ത് ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമുള്ള അതേ ഉത്തരവാദിത്തമാണ് ഫാർമസിസ്റ്റുകൾക്കുമുള്ളത്. മരുന്നുകളുടെ ഗവേഷണം മുതൽ അവ ജനങ്ങളിലേക്ക് എത്തുന്നത് വരെ അവരുടെ സേവനം നീളുന്നു.
2009 ലാണ് ഫാർമസിസ്റ്റുകൾക്കായി ഒരു ദിനം ആദ്യമായി ആചരിക്കുന്നത്. 2009 ൽ ടർക്കിയിലെ ഇസ്താംബുളിലാണ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ സെപ്തബർ 25 അന്താരാഷ്ട്ര ഫാർമസിസ്റ്റ് ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്.
‘എല്ലാവർക്കും സുരക്ഷിതവും ഫലപ്രദവുമായ മരുന്ന്’ എന്നതാണ് ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ ഈ വർഷത്തെ തീം. മെച്ചപ്പെട്ട മരുന്നുകൾ നൽകിയും വീഴ്ച്ചകൾ കുറച്ചും രോഗികളുടെ സുരക്ഷയിൽ ഫാർമസിസ്റ്റുകളുടെ പങ്ക് ലോകത്തെ വിളിച്ചറിയിക്കുന്നതിനാണ് ഈ വർഷം ഇത്തരത്തിലൊരു തീം തെരഞ്ഞെടുത്തിരിക്കുന്നത്.
രോഗികൾ ഉപയോഗിക്കുന്ന മരുന്ന് രോഗിക്ക് ദൂഷ്യം ചെയ്യില്ലെന്ന് ഉറപ്പുവരുത്തേണ്ട കടമ ഇന്ന് ഫാർമസിസ്റ്റുകൾക്ക് ഉണ്ടെന്ന് എഫ്‌ഐപി തലവൻ ഡോമിനിക്ക് ജോർഡൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here