കോളേജ് വിദ്യാർത്ഥികൾ മുതൽ നടിമാർ വരെ; കേരളത്തിൽ ഓൺലൈൻ പെൺവാണിഭം വ്യാപകമാകുന്നു

കേരളത്തിൽ ഓൺലൈൻ പെൺവാണിഭം വ്യാപകമാകുന്നു. അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓൺലൈൻ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. കോളേജ് വിദ്യാർത്ഥികൾ മുതൽ നടിമാർ വരെ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. വിദേശ സെർവറുകളിലാണ് മിക്ക സൈറ്റുകളും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വെബ്‌സൈറ്റുകളുടെ പ്രവർത്തനം പൊലീസിന് നിയന്ത്രിക്കുക എളുപ്പമല്ല.

ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ എസ്‌കോർട്ട് വെബ്‌സൈറ്റ് വഴി മലയാളിക്ക് വൻ തുക നഷ്ടമായിരുന്നു. ഇതാണ് വെബ്‌സൈറ്റ് വഴിയുള്ള തട്ടിപ്പുകൾ വീണ്ടും ചർച്ചയാകാൻ ഇടയായത്. ഓൺലൈൻ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ലൊക്കാന്റോ പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കേരളത്തിലെ പെൺവാണിഭങ്ങളുടേയും മറ്റ് കുറ്റ കൃത്യങ്ങളുടേയും പ്രധാനഭാഗം ലൊക്കാന്റോ വെബ്‌സൈറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.

പരസ്യമായി പെൺവാണിഭം നടത്തുന്ന ഇത്തരത്തിലുള്ള സൈറ്റുകൾ പൂട്ടിക്കണമെന്ന ആവശ്യവുമായി ഡൽഹി വനിതാ കമ്മീഷൻ പൊലീസിനും ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനും നോട്ടീസ് നൽകിയിരുന്നു. മൊബൈൽ ആപ്ലിക്കേഷന്റെ ദുരുപയോഗം തടയണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ആൻഡ്രോയിഡ്, ആപ്പ് സ്റ്റോർ, ഇന്റർനെറ്റ് എന്നിവയിൽ ലഭ്യമാണെന്ന് അവകാശപ്പെടുന്ന ഓൺലൈൻ സർവീസുകളെ കുറിച്ച് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൺവാണിഭം പ്രോത്സാഹിപ്പിക്കുന്ന നിരവധി മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വനിതാ കമ്മീഷൻ പറയുന്നത്. സ്‌കൂൾ വിദ്യാർത്ഥിനികളെ പോലും പെൺവാണിഭത്തിന് നൽകാമെന്നാണ് മൊബൈൽ ആപ്ലിക്കേഷൻ വഴി അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടേയും വെബ്‌സൈറ്റുകളുടേയും പ്രവർത്തനം ഉടൻ തടയണമെന്നും ഡൽഹി വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേയും ലൊക്കാന്റോയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ പെൺവാണിഭം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയാൻ മതിയായ നടപടികൾ ഉണ്ടായില്ല. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top