Advertisement

ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കം; പിറവം സെന്റ് മേരീസ് വലിയ പളളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

September 26, 2019
Google News 0 minutes Read

ഓർത്തഡോക്‌സ് യാക്കോബായ തർക്കം നിലനിന്നിരുന്ന പിറവം സെന്റ് മേരീസ് വലിയ പളളി പൊലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വിശ്വാസികളുടെ പ്രതിഷേധത്തിനിടെ നയപരമായ നീക്കത്തിലൂടെയാണ് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലാതെ ജില്ലാ ഭരണകൂടം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്. ഹൈക്കോടതി നിർദേശ പ്രകാരം പള്ളി ഓർത്തഡോക്‌സ് സഭാംഗങ്ങൾക്ക് വിട്ടുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് യാക്കോബായ സഭയും ആരാധന സ്വാതന്ത്ര്യം അനുവദിച്ചാലേ, വിധി പൂർണമാകൂവെന്ന് ഓർത്തഡോക്‌സ് സഭയും പ്രതികരിച്ചു. രണ്ട് പകലും ഒരു രാത്രിയും നീണ്ട കനത്ത പ്രതിഷേധത്തിനും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് പിറവം വലിയ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ ഉച്ചയ്ക്ക് 1.15 ന് വിശ്വസികളുടെ പ്രതിരോധത്തിനിടെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് പള്ളിയുടെ ഗേറ്റ് തകർക്കുകയായിരുന്നു. ഇതോടെ യാക്കോബായ വിശ്വാസികളുടെ വൈകാരികമായ പ്രതിഷേധ പ്രകടനങ്ങളുമായിരുന്നു പള്ളിക്കു മുൻപിൽ നടന്നത്.

അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിരോധിക്കാൻ ദേഹത്ത് പെട്രോൾ ഒഴിച്ച് വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. അതോടെ വിശ്വാസികളെ ശാന്തരാക്കാൻ കളക്ടർ ഇടപെടുകയായിരുന്നു. പിന്നീട് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉൾപ്പെടെയുള്ള സഭാ നേതൃവുമായി കളക്ടർ ചർച്ച നടത്തി. അതിന് ശേഷം പുറത്തെത്തിയ സഭാ നേതൃത്വം, അറസ്റ്റ് വരിച്ച് പള്ളി വിട്ടുകൊടുക്കണമെന്ന തീരുമാനം വിശ്വാസികളെ അറിയിച്ചു.

ആദ്യം മെത്രാപ്പോലീത്തമാരും പിന്നീട് വൈദീകരും അറസ്റ്റ് വരിച്ചു. വിശ്വാസികൾ കുറച്ച് നേരം പ്രതിരോധിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വൈകാരികമായി വിശ്വാസികൾ പള്ളിയിൽ നിന്നും ഇറങ്ങി. വിശ്വാസികൾ ഇറങ്ങിയതോടെ ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കോടതി വിധിപ്രകാരം ഓർത്തഡോക്‌സ് സഭാംഗങ്ങൾക്ക് പിറവം പളളിയിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതിൽ നിയമോപദേശം തേടിയശേഷം തുടർ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here